അച്ഛനും മകനും ഗോദയില്‍; പൂഞ്ഞാറും പാലായും ലക്ഷ്യമിട്ട് ബിജെപിയുടെ ‘ജോര്‍ജ് തന്ത്രം’; എന്‍ഡിഎയില്‍ അപൂര്‍വ്വത

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ രാഷ്ട്രീയ കളത്തില്‍ അച്ഛനും മകനും ഒരേസമയം അങ്കത്തിനിറങ്ങുന്ന അപൂര്‍വ്വതയ്ക്ക് കളമൊരുങ്ങുന്നു. ബിജെപി ദേശീയ സമിതിയംഗം പി.സി. ജോര്‍ജിനോട് പൂഞ്ഞാറില്‍ മത്സരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. ഇതിനൊപ്പം തന്നെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജ് പാലായില്‍ ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു മുന്നണിക്ക് വേണ്ടി അച്ഛനും മകനും തൊട്ടടുത്ത മണ്ഡലങ്ങളില്‍ ഒരേസമയം മത്സരിക്കുന്നത് കൗതുകകരമായ കാഴ്ചയാകും. തുടക്കത്തില്‍ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കാനായിരുന്നു പി.സി. ജോര്‍ജിന്റെ പദ്ധതിയെങ്കിലും പൂഞ്ഞാറിലെ സാഹചര്യം പരിഗണിച്ച് അദ്ദേഹം തന്നെയിറങ്ങണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ‘പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും’ എന്ന് ജോര്‍ജ് വ്യക്തമാക്കിയതോടെ പൂഞ്ഞാറില്‍ വീണ്ടും ‘പി.സി. ഇംപാക്ട്’ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 1980 മുതല്‍ ഏഴ് തവണ പൂഞ്ഞാറിനെ പ്രതിനിധീകരിച്ച ജോര്‍ജ്, കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലുള്ള സ്വാധീനം ഇപ്പോഴും ശക്തമാണ്.
അതേസമയം, പാലായില്‍ ഷോണ്‍ ജോര്‍ജ് ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലായുടെ ഭാഗമായതിനാല്‍ ഷോണിന് അവിടെയുള്ള വ്യക്തിപരമായ ബന്ധങ്ങള്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പാലായില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷോണ്‍ ജയിക്കുമെന്നും ജോസ് കെ. മാണി മൂന്നാമതാകുമെന്നും പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുമ്പോഴും, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ അച്ഛനും മകനും ഒരേ സമയം ഗോദയിലിറങ്ങുന്നത് കോട്ടയത്തെ തിരഞ്ഞെടുപ്പ് ചൂട് ഇരട്ടിയാക്കും. കോട്ടയത്ത് പല സീറ്റുകളിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയ്ക്കായി മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളി, വൈക്കംസീറ്റുകളില്‍ അവര്‍ ശക്തമായ സാന്നിധ്യമാണ്.
 പി.സി. ജോര്‍ജിന്റെ കടന്നുവരവോടെ മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. പാലായില്‍ ഷോണ്‍ ജോര്‍ജ് പതിനായിരം വോട്ടിന് വിജയിക്കുമെന്നും ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പി.സി. ജോര്‍ജ് ഇതിനകം പരസ്യമായി പ്രവചിച്ചിട്ടുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും സഭാ നേതൃത്വങ്ങളുമായി ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.