ഹൈക്കോടതിയുടെ നിലപാടോടെ ശബരിമലയുടെ വീര്യം പോയി; നിയമസഭയില്‍ ചുവടുമാറ്റാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമാകും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തില്‍ മേല്‍കൈ നേടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടു തിരുത്തുവാന്‍ ഇന്ന് പ്രതിപക്ഷം നിര്‍ബന്ധിതരാകും. ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് പ്രധാനമായും പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി ആ വിഷയവുമായി നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തുക തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ വിഷയം മാറ്റിപിടിക്കേണ്ട സാഹചര്യത്തിലാണ് അവര്‍.
ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസിലെ എസ്.ഐ.ടി അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ ഹൈക്കോടതി പരാമര്‍ശങ്ങള്‍. മാത്രമല്ല, ഇതിനെതിരെ പറയുന്നവരെ പരോക്ഷമായി കോടതി വിമര്‍ശിച്ചിട്ടുമുണ്ട്. അതോടൊപ്പം തന്നെ തൊണ്ണൂറു ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം നല്‍കാത്തതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തന്നെ കൃത്യമായി മറുപടിയും നല്‍കി. എല്ലാത്തിനുപരി സി.ബി.ഐ അന്വേഷണം എന്ന ആവശ്യവും തള്ളി. ഇതോടെ പ്രതിപക്ഷത്തിന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ആയുധമാക്കാന്‍ കച്ചകെട്ടി നിന്ന ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് ഏറ്റിട്ടുള്ളത്.
വിശ്വാസികളുടെ വികാരങ്ങളെ ഏറെ സ്വാധീനിക്കുന്ന വിഷയം എന്ന നിലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇത് നിലനിര്‍ത്തുക എന്നതായിരുന്നു യു.ഡി.എഫിന്റെ തന്ത്രം. അതിനാണ് അവര്‍ നിമയസഭയില്‍ വിഷയം സജീവ ചര്‍ച്ചയാക്കി നിര്‍ത്തിയതും. എന്നാല്‍ ഈ സഭയില്‍ ഇതുവരെ ഭരണപക്ഷം സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ഇതിനെതിരെ കടുത്ത പ്രത്യാക്രമണമാണ് ഭരണപക്ഷബഞ്ചുകളുടെ ഭാഗത്തുനിന്നും ഉണ്ടായതും. വിഷയങ്ങളില്‍ വാദപ്രതിവാദം ഉണ്ടാകുമായിരുന്നെങ്കിലും പ്രതിപക്ഷനേതാവിനെ വ്യക്തിപരമായി തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആക്രമണമാണ് ഇക്കുറി ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മന്ത്രിമാരെ ഇറക്കി തന്നെയാണ് അവര്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതും.
എന്നാലും വിഷയം കത്തികയറി വന്നിരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലത്തെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വന്നതോടെ അവയെല്ലാം തന്നെ വെള്ളത്തില്‍ വരച്ച വരപോലെ ആയിട്ടുണ്ട്. നിയമസഭയിലും പുറത്തും സര്‍ക്കാരും ഭരണപക്ഷവും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഡിവിഷന്‍ ബഞ്ചും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അന്വേഷണം കൃത്യമായ ദിശയിലാണെന്ന് മാത്രമല്ല, രാജ്യത്തെതന്നെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരാണ് അത് നടത്തുന്നതെന്ന പരാമര്‍ശവും കോടതി നടത്തി. എല്ലാത്തിനുപരിയായി ഈ കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്ന കാര്യവും അവര്‍ അസന്നിഗ്ധമായി വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തികൊണ്ടുവന്ന ആരോപണങ്ങള്‍ ഇല്ലാതായി. അതുകൊണ്ടുതന്നെ ഇന്ന് ആ വിഷയം ഉയര്‍ത്തി ബഹളമുണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് തീര്‍ത്തും മറ്റുതരത്തില്‍ വ്യഖ്യാനിക്കുന്നതിന് വഴിയൊരുക്കും. ആ പശ്ചാത്തലത്തില്‍ വിഷയം മാറ്റിപ്പിടിക്കണമെന്ന അഭിപ്രായം യു.ഡി.എഫിനുള്ളില്‍ തന്നെയുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.