ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമസംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച ; ആദിശങ്കരാചാര്യരും ശാരദാപീഠവും ചര്‍ച്ചയായി

തിരുവനന്തപുരം : ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമസംഘം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ശ്രീനഗര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായാണ് 12 മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സംഘം കേരളത്തിലെത്തിയത്.

കേരളവും കശ്മീരും തമ്മിലുള്ള ആത്മീയവും സാംസ്‌കാരികവുമായ അഗാധമായ ബന്ധത്തെക്കുറിച്ച് ഗവര്‍ണര്‍ സംസാരിച്ചു. കേരളത്തില്‍ ജനിച്ച ആദിശങ്കരാചാര്യര്‍ ശ്രീനഗറില്‍ ശാരദാപീഠം സ്ഥാപിച്ചത് ഈ ബന്ധത്തിന്റെ വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു പ്രദേശങ്ങളുടെയും ആത്മീയ പാരമ്പര്യം ഏറെ സമൃദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗവര്‍ണര്‍ മാധ്യമ സംഘത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പകരം മാധ്യമസംഘം കശ്മീരി ഷാളും പരമ്പരാഗത കശ്മീരി പാത്രമായ ‘സമോവറും’ ഗവര്‍ണര്‍ക്ക് സമ്മാനമായി നല്‍കി. പി.ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, മീഡിയ ഓഫീസര്‍ മജീദ് പണ്ഡിറ്റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

കേരളത്തിന്റെ അതിഥിയാകാന്‍ കഴിഞ്ഞത് ഹൃദയസ്പര്‍ശിയായ അനുഭവമാണെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.ശുചിത്വം, മികച്ച ഗതാഗത സൗകര്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍ പറഞ്ഞു.കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണറെ കശ്മീരിലേക്ക് ക്ഷണിച്ചാണ് സംഘം മടങ്ങിയത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.