യുഡിഎഫില്‍ പ്രതിസന്ധി; നാല് സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് ജോസഫ് വിഭാഗം; നാളെ അടിയന്തര യോഗം; മുന്നണി മാറ്റം ആലോചിച്ച് പിജെ ജോസഫ്; ‘തിങ്കളാഴ്ച’ ആര്‍ക്ക് നല്ല ദിവസമാകും?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരികെ വേണമെന്ന കോണ്‍ഗ്രസ് നിലപാടാണ് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇടുക്കി, ഏറ്റുമാനൂര്‍, കോതമംഗലം (അല്ലെങ്കില്‍ ചങ്ങനാശ്ശേരി), കുട്ടനാട് സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജോസഫ് വിഭാഗം അംഗീകരിക്കില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗത്തിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് വിജയിക്കാനായത്. പരാജയപ്പെട്ട മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണയും വിജയസാധ്യത കുറവാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലെ വിലയിരുത്തല്‍. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ വിജയം ഉറപ്പിക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. പ്രത്യേകിച്ച് ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതൊന്നും ജോസഫ് അംഗീകരിക്കുന്നില്ല.
കോണ്‍ഗ്രസിന്റെ നീക്കത്തില്‍ കടുത്ത പ്രതിഷേധമാണ് ജോസഫ് ഗ്രൂപ്പ് ഉയര്‍ത്തുന്നത്. നാല് സീറ്റുകള്‍ നഷ്ടപ്പെടുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ നിലനില്‍പ്പിനെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഏറ്റുമാനൂര്‍ വിട്ടുനല്‍കിയാല്‍ പകരം പൂഞ്ഞാര്‍ വേണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും മറ്റ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് പി.ജെ. ജോസഫിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തിയെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്കറിയാമെന്നും അവര്‍ അവകാശപ്പെടുന്നു.
സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് വിഭാഗം നീങ്ങിയേക്കും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്ന ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം യുഡിഎഫില്‍ പ്രതിസന്ധിയായി മാറിയേക്കും. മുസ്ലീം ലീഗിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്.
സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം നാളെ അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. അല്ലാത്ത പക്ഷം ജോസഫ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.