തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി . വി.എസ് ജീവിച്ചിരുന്നെങ്കില്‍ ഈ പുരസ്‌കാരം സ്വീകരിക്കുമായിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വീകരിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസ്., ജ്യോതിബസു, ഹരികിഷന്‍ സിംഗ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ പത്മ പുരസ്‌കാരങ്ങള്‍ നിഷേധിച്ച ചരിത്രം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വി.എസ്. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ പരിഗണിച്ചതില്‍ നന്ദി പറഞ്ഞ് പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വി.എസ്. ഇന്ന് ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പുരസ്‌കാരം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബമാണെന്ന് ബേബി പറഞ്ഞു. കുടുംബം ഇപ്പോള്‍ പുരസ്‌കാരത്തില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം എന്ന നിലയിലുള്ള രാഷ്ട്രീയ ബോധ്യമാണ് നേതാക്കള്‍ പുരസ്‌കാരം നിരസിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. നേതാക്കള്‍ മുന്‍പ് പുരസ്‌കാരം നിരസിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ഗോവിന്ദന്റെ നിലപാട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ, പാര്‍ട്ടിയുടെ രാഷ്ട്രീയ ബോധ്യത്തെ ഊന്നിയുള്ള നിലപാടാണ് എം.എ. ബേബി ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആദരാഞ്ജലി പോസ്റ്റിലും തെറിവിളി; കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ യുദ്ധം; കോണ്‍ഗ്രസില്‍ അച്ചടക്കം ‘നടുറോഡില്‍’





