അപകടം സമയം അങ്കമാലിയില്‍ ‘വി എയര്‍ അസിസ്റ്റ്’ ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു; അജിതാ ബീഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് അപകടവുമായി ബന്ധമില്ല; കളിമാനൂരിലെ അപകടത്തില്‍ പോലീസുകാരന്‍ ജിഷ്ണുവിന് ക്ലീന്‍ ചിറ്റ്; ഓള്‍റൗണ്ടര്‍ക്ക് തുണയായത് ക്രിക്കറ്റ് പ്രേമം

തിരുവനന്തപുരം: കിളിമാനൂര്‍ അപകടവുമായി ബന്ധപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥയായ അജിതാ ബീഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ജിഷ്ണുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടമുണ്ടാക്കിയ കാറില്‍ നിന്നും ജിഷ്ണുവിന്റെ ഐഡി കാര്‍ഡ് കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ അപകടസമയത്ത് ജിഷ്ണു സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉറപ്പിച്ചു. കേസില്‍ 60,000 രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണവും തള്ളുകയാണ് പോലീസ്,

പോലീസുകാരനായ ജിഷ്ണു മികച്ചൊരു ക്രിക്കറ്റ് താരം കൂടിയാണ്. അപകടം നടന്ന സമയത്ത് അദ്ദേഹം അങ്കമാലിയിലെ ബൗണ്ടറി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ‘വി എയര്‍ അസിസ്റ്റ്’ ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു. ജിഷ്ണുവിന്റെ ഐ ടെന്‍ കാര്‍ സര്‍വീസിനായി പ്രതി വിഷ്ണുവിന്റെ വര്‍ക്ക് ഷോപ്പില്‍ നല്‍കിയിരുന്നു. ആ സമയത്ത് കാറിലുണ്ടായിരുന്ന ഐഡി കാര്‍ഡ് വിഷ്ണു കൈക്കലാക്കുകയും അത് അപകടമുണ്ടാക്കിയ കാറിലേക്ക് എത്തുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ കാറില്‍ നിന്ന് ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡും ലഭിച്ചിട്ടുണ്ട്.

പോലീസാകുന്നതിന് മുമ്പ് തന്നെ ജിഷ്ണു ക്രിക്കറ്ററാണ്. എല്ലാ ടൂര്‍ണമെന്റുകളിലും പങ്കെടുക്കാറുണ്ട്. മികച്ചൊരു ഓള്‍റൗണ്ടറായ ജിഷ്ണു ഈ കളിക്കമ്പം കൊണ്ട് ഇപ്പോഴും സജീവമായി കളിക്കാന്‍ പോകുന്നു. അങ്ങനെ പോയതു കൊണ്ട് മാത്രം താന്‍ തിരുവനന്തപുരം ജില്ലയില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാനായി. പോലീസ് വീഴ്ചയെ ആളിക്കത്തിക്കുന്ന തരത്തില്‍ ഐഡിന്റിറ്റി കാര്‍ഡ് കണ്ടെടുക്കുന്ന സംഭവം മാറുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യവും പോലീസ് അന്വേഷിച്ചത്. ഇതോടെ ജിഷ്ണുവിനെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും തെളിഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കുന്ന പഴയ രീതിക്ക് പുതിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറുതി വരുത്തിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചിട്ടും വിട്ടയച്ച കിളിമാനൂര്‍ എസ്.എച്ച്.ഒ ഡി. ജയന്‍, എസ്.ഐമാരായ അരുണ്‍, ഷജീം എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇത് നിയമം തെറ്റിച്ചതിനാണ്. നിരപരാധികളായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ വിട്ടയച്ചതും, പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ സേനയില്‍ ശുദ്ധികലശം നടക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഒളിവിലുള്ള പ്രധാന പ്രതി വിഷ്ണുവിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ സഹായിച്ച സുഹൃത്ത് ആദര്‍ശിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.