തിരുവനന്തപുരം: കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സാഹസികമായി പിടികൂടി കേരളാ പോലീസ്. തമിഴ്നാട് അതിര്‍ത്തിയില്‍ വെച്ച് നടന്ന ഉദ്വേഗഭരമായ കാര്‍ ചെയ്സിനൊടുവിലാണ് വെഞ്ഞാറമൂട് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പൊക്കിയത്. വിഷ്ണുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
പാറശ്ശാല-പൂവാര്‍ മേഖലയില്‍ സി.ഐ ആയിരുന്ന കാലം മുതല്ക്കേ തമിഴ്നാട് അതിര്‍ത്തിയിലെ മുക്കും മൂലയും മനഃപാഠമാണ് ആസാദിന്. വിഷ്ണു അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ അദ്ദേഹം നടത്തിയ തന്ത്രപരമായ ഇടപെടലാണ് അറസ്റ്റിലേക്ക് നയിച്ചത്. പോലീസ് വീഴ്ചയില്‍ ജനരോഷം തിളച്ചു നില്‍ക്കെ, സേനയുടെ അഭിമാനം വീണ്ടെടുക്കുന്ന മാസ് പെര്‍ഫോമന്‍സാണ് വെഞ്ഞാറമൂട് സി.ഐ പുറത്തെടുത്തത്.
തിരുവനന്തപുരം കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു. നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ കൊലപാതക കുറ്റം ഉള്‍പ്പെടുത്തുന്നത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ വീണുവെന്നറിഞ്ഞിട്ടും പ്രതി മനപ്പൂര്‍വ്വം വാഹനം പിന്നോട്ടെടുത്ത് ദമ്പതികളെ അപായപ്പെടുത്തിയെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. അപകടത്തിന് ശേഷം ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞത് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ നാലിന് കിളിമാനൂര്‍ പാപ്പാല ജംഗ്ഷനില്‍ വെച്ചായിരുന്നു മദ്യപിച്ച സംഘം സഞ്ചരിച്ചിരുന്ന ഥാര്‍ ഇടിച്ച് രജിത്ത്-അംബിക ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്. അംബിക മൂന്ന് ദിവസത്തിന് ശേഷവും, രജിത്ത് കഴിഞ്ഞ ദിവസവുമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അപകടത്തിന് പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥ അജിതാ ബീഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ജിഷ്ണുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ജിഷ്ണുവിന്റെ ഐ-10 കാര്‍ സര്‍വീസിനായി വിഷ്ണുവിന്റെ വര്‍ക്ക് ഷോപ്പില്‍ നല്‍കിയിരുന്നു. ഈ സമയം കാറിലുണ്ടായിരുന്ന ജിഷ്ണുവിന്റെ ഐഡി കാര്‍ഡ് വിഷ്ണു കൈക്കലാക്കുകയായിരുന്നു. മികച്ച ഓള്‍റൗണ്ടറായ ജിഷ്ണു അപകടസമയത്ത് അങ്കമാലിയിലെ ബൗണ്ടറി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ‘വി എയര്‍ അസിസ്റ്റ്’ ക്ലബ്ബിന് വേണ്ടി ടൂര്‍ണമെന്റ് കളിക്കുകയായിരുന്നു. താന്‍ തിരുവനന്തപുരം ജില്ലയില്‍ പോലും ഇല്ലായിരുന്നുവെന്ന് തെളിയിക്കാന്‍ ഈ കളിക്കമ്പം ജിഷ്ണുവിനെ സഹായിച്ചു. കൈക്കൂലി ആരോപണവും തെറ്റെന്ന് തെളിഞ്ഞു. കേസ് ഒതുക്കാന്‍ 60,000 രൂപ കൈക്കൂലി നല്‍കിയെന്ന വാര്‍ത്തകളും അന്വേഷണത്തില്‍ പോലീസ് തള്ളി.
കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിക്ക് പുതിയ ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ കടുത്ത അറുതി വരുത്തിയിരിക്കുകയാണ്. വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചിട്ടും വിട്ടയച്ച കിളിമാനൂര്‍ എസ്.എച്ച്.ഒ ജയന്, എസ്.ഐമാരായ അരുണ്‍, ഷജീം എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ ഡിജിപി നടത്തുന്ന ഈ ശുദ്ധികലശം സേനയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുകയാണ്. പ്രതിയെ സഹായിച്ച സുഹൃത്ത് ആദര്‍ശിനെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനരോഷത്തിന് മുന്നില്‍ നീതി നടപ്പിലാക്കി കേരളാ പോലീസ് വീണ്ടും കരുത്ത് കാട്ടിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു; വിജയിന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചു, വീണ്ടും ഗവർണറെ കണ്ട് താരം





