തിരുവനന്തപുരം: ശബരിമലയിലെ പഴയ സ്വര്‍ണ്ണക്കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡിന്റെ കര്‍ശനമായ ഉത്തരവുകള്‍ ലംഘിച്ചാണെന്ന നിര്‍ണ്ണായക തെളിവുകള്‍ പുറത്തുവന്നു. 2012-ല്‍ തന്നെ വാജിവാഹനം തന്ത്രിക്ക് കൈവശം വെക്കാന്‍ അധികാരമില്ലെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും, ഇത് കാറ്റില്‍പ്പറത്തിയാണ് 2017-ല്‍ യുഡിഎഫ് ഭരണസമിതി തന്ത്രിക്ക് ഇത് നല്‍കിയത്.
ഇതോടെ വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്ന് വാദിച്ച മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിന് കാരണമായ രേഖയുടെ പൂര്‍ണ്ണ രൂപം വയര്‍ലസ് മീഡിയ പുറത്തു വിടുകയാണ്. ദേവസ്വം രേഖകളില്‍ പൊതുസ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള വാജിവാഹനം അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രിക്ക് കൈമാറുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വിവാദം കനത്തതോടെ തനിക്ക് അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന ന്യായീകരണവുമായി അജയ് തറയില്‍ രംഗത്തെത്തിയെങ്കിലും അത് അവിശ്വസനീയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1971-ല്‍ നിര്‍മ്മിച്ച കൊടിമരം ചിതലരിച്ചു എന്ന വാദം ഉയര്‍ത്തിയാണ് 2017-ല്‍ മാറ്റിയത്. എന്നാല്‍ അന്നത്തെ ദൃശ്യങ്ങളില്‍ കൊടിമരത്തിന് കേടുപാടുകള്‍ ഉള്ളതായി കാണാനില്ലാത്തത് വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന സംശയത്തിന് ബലമേകുന്നു.
പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ ഈ വാജിവാഹനം കോടികള്‍ മൂല്യമുള്ള പുരാവസ്തുവായാണ് കണക്കാക്കുന്നത്. അയ്യപ്പന്റെ വാഹനമായ കുതിരയുടെ രൂപത്തിലുള്ള ഇത് വിഗ്രഹത്തിന് തുല്യമായ പവിത്രതയുള്ള ഒന്നാണ്. സ്വര്‍ണ്ണ മോഷണക്കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 കിലോ തൂക്കമുള്ള ഈ വിഗ്രഹം പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്. ഇത് യഥാര്‍ത്ഥ വാജിവാഹനം തന്നെയാണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.
വാജിവാഹനം ദേവസ്വം ബോര്‍ഡ് തന്നെ സൂക്ഷിക്കേണ്ടതാണെന്നും അത് കൈമാറാന്‍ പാടില്ലാത്തതാണെന്നും മുന്‍ ബോര്‍ഡ് അംഗം കെ. രാഘവന് വെളിപ്പെടുത്തിയതോടെ അജയ് തറയിലിന്റെ നിലനില്‍പ്പ് കൂടുതല്‍ പരുങ്ങലിലായി. വാജിവാഹനം കൈമാറിയതില്‍ യാതൊരു രേഖകളോ വ്യവസ്ഥകളോ പാലിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിനും അജയ് തറയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉടന്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.
പഴയ കൊടിമരത്തിലെ അഷ്ടദിക്പാലകരെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലാത്തതും അന്വേഷണം കൂടുതല്‍ ഗൗരവകരമാക്കുന്നു. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടപെടലുകളും ഉന്നതതല ബന്ധങ്ങളും എസ്ഐടിയുടെ പരിധിയില്‍ വരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്.



Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഒരേദിവസം പടിയിറങ്ങുന്നത് 5 ഐപിഎസുകാർ അടക്കം വൻ നിര; കേരള പോലീസിന് നാളെ വിടവാങ്ങലിന്റെ ദിനം
ഒരേദിവസം പടിയിറങ്ങുന്നത് 5 ഐപിഎസുകാർ അടക്കം വൻ നിര; കേരള പോലീസിന് നാളെ വിടവാങ്ങലിന്റെ ദിനം







