പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധം! ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു; സിപിഎമ്മിന് ‘ശനിദശ’ തുടങ്ങുന്നു? ആ കോടതി ഉത്തരവിലുള്ളത് ഗൂഡാലോചനയിലെ വസ്തുതകള്‍

കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിനെതിരെ കൊല്ലം വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍, ‘വേലിതന്നെ വിളവു തിന്നുന്ന’ അവസ്ഥയാണിതെന്ന് കോടതി നിരീക്ഷിച്ചു. ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരമായ ശബരിമലയില്‍ നടന്ന ഈ ക്രമക്കേട് അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കി.

പത്മകുമാറിനെതിരായ ആരോപണങ്ങളില്‍ വ്യക്തതയില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി നടപടി എടുക്കാത്തതെന്നും സിപിഎം വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതി നിടത്തിയ നിരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. സ്വര്‍ണ്ണപ്പാളികള്‍ അപഹരിക്കുന്നതിന് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സഹായിച്ച പത്മകുമാറിന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ദേവസ്വം മിനിറ്റ്സില്‍ പത്മകുമാര്‍ ബോധപൂര്‍വ്വം തിരുത്തലുകള്‍ വരുത്തിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തുവിട്ടതെന്നും, പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, തങ്ങളുടെ നേതാവിനെതിരെ കോടതി നടത്തിയ ‘സ്വര്‍ണ്ണക്കള്ളന്‍’ പരാമര്‍ശം സിപിഎമ്മിന് വലിയ തലവേദനയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് സമാനമായ ഒരു വൈകാരിക തരംഗം ഈ സ്വര്‍ണ്ണക്കൊള്ളക്കേസിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു. പ്രതിപക്ഷം വലിയ തോതില്‍ ചര്‍ച്ചയാണ് ഈ വിഷയം. ‘അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്ന കള്ളന്മാരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന്’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

ശബരിമലയിലെ ആചാരങ്ങള്‍ മാത്രമല്ല, ഭഗവാന്റെ സ്വത്തുപോലും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ സുരക്ഷിതമല്ലെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിലെ വൈകാരികത എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ വൈകുന്നത് ജനരോഷം വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.