മകനെ സ്ഥാനാര്‍ത്ഥിയാക്കരുത്; ഇരവിപുരത്ത് ‘നോ’ പറഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്‍; രാഷ്ട്രീയ പാരമ്പര്യം ഉള്ളവര്‍ മത്സരിക്കട്ടെയെന്ന് നിലപാട്; ആര്‍ എസ് പിയില്‍ ‘മക്കള്‍ രാഷ്ട്രീയം’ അതിരുവിടില്ല

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരം മണ്ഡലത്തില്‍ തന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ആര്‍.എസ്.പി നേതൃത്വത്തോട് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മകന് രാഷ്ട്രീയ പ്രവേശനത്തോട് താല്‍പ്പര്യമുണ്ടെങ്കിലും, മതിയായ രാഷ്ട്രീയ പരിചയമുള്ളവര്‍ മാത്രം നിയമസഭയിലേക്ക് മത്സരിച്ചാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് പ്രേമചന്ദ്രന്‍. ഇതോടെ കാര്‍ത്തിക് പ്രേമചന്ദ്രന്‍ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് ഉറപ്പായി.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ കാര്‍ത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് ഇറക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു. 2014 മുതല്‍ അച്ഛന്റെ ലോക്‌സഭാ പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കാര്‍ത്തിക്കാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഷിബു ബേബി ജോണിന് വേണ്ടി ചവറയിലും കാര്‍ത്തിക് സജീവമായി രംഗത്തുണ്ടായിരുന്നു.

എന്നാല്‍, മക്കള്‍ രാഷ്ട്രീയം എന്ന പഴി കേള്‍ക്കാന്‍ താനില്ലെന്ന നിലപാടിലാണ് പ്രേമചന്ദ്രന്‍. ‘പാര്‍ട്ടിയാണ് വലുത്, മകനായി വാദിക്കില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കുമ്പോള്‍ വീണ്ടും ഒരു ‘നേതാവിന്റെ മകന്‍’ കൂടി വരുന്നത് ഗുണകരമാകില്ലെന്ന വികാരവും പാര്‍ട്ടിക്കുള്ളിലുണ്ട്. കാര്‍ത്തിക് പ്രേമചന്ദ്രന്‍ പിന്മാറുന്നതോടെ മണ്ഡലത്തില്‍ നിന്നുള്ള പ്രാദേശിക നേതാക്കള്‍ക്കായി ചര്‍ച്ചകള്‍ വഴിമാറുകയാണ്.

ഇരവിപുരത്ത് പ്രാദേശികമായി സ്വാധീനമുള്ള നേതാക്കള്‍ക്ക് അവസരം നല്‍കുന്നതാണ് ഉചിതമെന്ന് പ്രേമചന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചു. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം.എസ്. ഗോപകുമാര്‍, സുധീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായി പരിഗണിക്കുന്നത്. കൂടാതെ ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ്, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് എന്നിവരും പരിഗണനയിലുണ്ട്. കെ പങ്കജാക്ഷന്റെ മകന്‍ ബസന്തിന്റെ പേരും ചര്‍ച്ചകളിലുണ്ട്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിലെ എം. നൗഷാദിനോട് പരാജയപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ മണ്ഡലത്തില്‍ നിന്നുള്ള ജനകീയനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്. ഈ സാഹചര്യത്തില്‍ സ്വന്തം മകനെ മാറ്റിനിര്‍ത്തി നിലപാട് സ്വീകരിച്ചിരിക്കുകയാണ് എന്‍.കെ. പ്രേമചന്ദ്രന്‍. കൊല്ലം എംപിയെന്ന നിലയില്‍ ഏറെ ജനസ്വാധീനം കൊല്ലത്ത് പ്രേമചന്ദ്രനുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.