ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ജനനായകന്‍’ മുന്‍നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി റിലീസ് ദിനമായ വെള്ളിയാഴ്ച രാവിലെയാകും വിധി പറയുക.
ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സെന്‍സര്‍ ബോര്‍ഡ് നടപടിയെ ജസ്റ്റിസ് പി.ടി. ആശ രൂക്ഷമായി വിമര്‍ശിച്ചു. ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ച ശേഷം ചിത്രം വീണ്ടും റിവ്യൂവിന് വിട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരം പരാതികള്‍ സിനിമയുടെ റിലീസിനെ ബാധിക്കുന്നത് നല്ല പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു.
ചിത്രത്തിനെതിരെ ലഭിച്ച ഇ-മെയില്‍ പരാതിയുടെ പകര്‍പ്പ് ബോര്‍ഡ് കോടതിയില്‍ ഹാജരാക്കി.ചിത്രം സ്‌ക്രീനിംഗ് കമ്മിറ്റിക്ക് വിടാനുള്ള അധികാരം ബോര്‍ഡ് അധ്യക്ഷനുണ്ടെന്നും ഇതില്‍ ദുരുദ്ദേശമില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
ഡിസംബര്‍ 18-നാണ് അപേക്ഷ നല്‍കിയതെന്നും എന്നാല്‍ 2026-ല്‍ തന്നെ റിലീസ് വേണമെന്ന് വാശിപിടിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിലെ തന്നെ ഒരംഗം പരാതിക്കാരനാകുന്നത് എങ്ങനെയെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ ചോദിച്ചു. ബോര്‍ഡ് നിര്‍ദ്ദേശിച്ച എല്ലാ കട്ടുകളും മാറ്റങ്ങളും വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നത് റിലീസ് മുടക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അവര്‍ ആരോപിച്ചു.വെള്ളിയാഴ്ച രാവിലെ കോടതി അനുകൂല വിധി നല്‍കിയാല്‍ മാത്രമേ ‘ജനനായകന്‍’ അന്നേദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ചിത്രമായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്.


മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ്. അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്
മോദിയുടെ ബയോപിക് ഷൂട്ടിംഗിനിടെ അംഗീകാരം; റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ‘അറ്റ് ഹോം’ വിരുന്നിലേക്ക് ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് ഔദ്യോഗിക ക്ഷണം



