പ്രണയിനിയെ കയ്യിലെടുക്കാന്‍ കാറിടിപ്പിച്ചു വീഴ്ത്തി; പിന്നീട് രക്ഷകനായി അവതരിച്ചു ,ഒടുവില്‍ ജയിലില്‍! പത്തനംതിട്ടയില്‍ യുവാവിന്റെ സുഹൃത്തിന്റെയും ‘സിനിമാ പ്ലാന്‍’ പാളി

പത്തനംതിട്ട: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ പ്രണയിനിയെ രക്ഷിക്കാന്‍ അപകടമുണ്ടാക്കിയ യുവാവും സുഹൃത്തും പത്തനംതിട്ട പോലീസ് പിടിയിലായി. കോന്നി സ്വദേശി രഞ്ജിത്ത് രാജന്‍ (24), സുഹൃത്ത് അജാസ് (19) എന്നിവരാണ് വധശ്രമക്കേസില്‍ അറസ്റ്റിലായത്.

യുവതിയുമായി പിണക്കത്തിലായിരുന്നു രഞ്ജിത്ത്, ആ പിണക്കം മാറ്റാനായി സുഹൃത്ത് അജാസുമായി ചേര്‍ന്ന് ഒരു നാടകം പ്ലാന്‍ ചെയ്തു. ഡിസംബര്‍ 23-ന് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അജാസ് കാറിടിച്ച് വീഴ്ത്തി. അജാസിന്റെ കാര്‍ നിര്‍ത്താതെ പോയ ഉടനെ, രക്ഷകനായി രഞ്ജിത്ത് മറ്റൊരു കാറില്‍ അവിടെയെത്തി.

അപകടം കണ്ടുനിന്ന നാട്ടുകാരോട് താന്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച രഞ്ജിത്ത്, യുവതിയെ സ്വന്തം കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. യുവതിയുടെ കൈക്കുഴ തെറ്റുകയും വിരല്‍ പൊട്ടുകയും ചെയ്തിരുന്നു. അപകടസമയത്ത് കൃത്യമായി രഞ്ജിത്ത് അവിടെ എത്തിയതും, ഭര്‍ത്താവാണെന്ന് നുണ പറഞ്ഞതും പോലീസിനും യുവതിക്കും സംശയത്തിനിടയാക്കി.

വാഹനാപകടക്കേസ് അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തുകയും, അത് രഞ്ജിത്തിന്റെ സുഹൃത്തിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരും ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.