സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളെയും പഴയകാല കലഹങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പുതിയൊരു ചരിത്രം പിറക്കുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് ‘ലക്ഷ്യ’ സമിറ്റില്‍ കണ്ട അപൂര്‍വ്വ കാഴ്ചകള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റ സൂചനകളാണ് നല്‍കുന്നത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരും തോളില്‍ കൈയിട്ട് ഒരേ നിരയിലിരിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ണ്ണായക ചര്‍ച്ചകളാണ് വയനാട്ടില്‍ നടന്നത്. നേമം സീറ്റില്‍ രമേശ് ചെന്നിത്തലയോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ശശി തരൂരും മത്സരിച്ചേക്കും. ബിജെപി ഭീഷണിയെ തടയാനാണ് ഈ നീക്കം.
നാളുകളായി രണ്ടു വഴിക്ക് സഞ്ചരിച്ചിരുന്നവരാണ് കെ.സിയും തരൂരും. ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ ഒരുപോലെ സ്വാധീനമുള്ള ഇവര്‍ക്കിടയിലെ അകല്‍ച്ച കേരളത്തിലെ കോണ്‍ഗ്രസിന് എന്നും വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ബത്തേരിയില്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. തങ്ങള്‍ക്കിടയില്‍ ഇനി അകല്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തരൂരിന്റെ തോളില്‍ കെ.സി. കൈയിടുമ്പോള്‍, അത് വെറുമൊരു പുഞ്ചിരിയല്ല, മറിച്ച് അധികാരം തിരിച്ചുപിടിക്കാനുള്ള ഐക്യസന്ദേശമാണ്. സ്വന്തം നിലയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള ഗ്രൂപ്പ് മാനേജര്‍മാരെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഇരുവരും ചര്‍ച്ചകളിലും ഇടപെടലുകളിലും സജീവമായത്.
ഈ സൗഹൃദത്തിനപ്പുറം രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിക്കുന്നത് ശശി തരൂരിന്റെ നിയമസഭാ പ്രവേശനമാണ്. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ഇത്തവണ തരൂര്‍ ജനവിധി തേടുമെന്ന പ്രചരണം ശക്തമാണ്. എന്നാല്‍ രമേശ് ചെന്നിത്തലയോടും ഈ ആവശ്യം ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന ചെന്നിത്തല ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖമായി തരൂരിനെ ഹൈക്കമാന്‍ഡ് ഉയര്‍ത്തിക്കാട്ടുന്നു എന്നതിന്റെ വ്യക്തമായ സൂചനയും പുറത്തു വന്നു. വട്ടിയൂര്‍ക്കാവും ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ്. ഇവിടെ തരൂരിനെ മത്സരിപ്പിക്കാനാണ് താല്‍പ്പര്യം.
തിരഞ്ഞെടുപ്പിന് മുൻപേ ശിവകുമാറിന് ‘അഗ്നിശുദ്ധി’; സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ്.
നേമത്ത് ചെന്നിത്തല ജയിക്കുകയും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇതിനൊപ്പം തരൂര്‍ വട്ടിയൂര്‍ക്കാവ് പിടിക്കുകയും ചെയ്താല്‍ കളി മാറും. വിഡി സതീശന് പറവൂരില്‍ മത്സരിക്കാനാണ് ആഗ്രഹം. എന്നാല്‍ വെല്ലുവിളിയുള്ള സീറ്റില്‍ സതീശനെ മത്സരിപ്പിക്കാനും ഹൈക്കമാണ്ട് ആലോചിക്കുന്നുണ്ട്. തരൂര്‍ സജീവമാകുന്നത് എല്ലാ നേതാക്കള്‍ക്കും വെല്ലുവിളിയാണ്. എതര്ക്കങ്ങള്ക്കൊന്നും ഇടംനല്കില്ലെന്നും, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യത്തിനും താന്‍ തയ്യാറാണെന്നുമുള്ള സന്ദേശമാണ് തരൂര്‍ കെ.സിക്ക് നല്‍കിയിരിക്കുന്നത്. ‘യുദ്ധത്തിന് താന്‍ റെഡി’ എന്ന തരൂരിന്റെ വാക്കുകള്‍ അണികള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദേശീയതലത്തിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടുദിവസത്തെ ക്യാമ്പില്‍ മുഴുവന്‍ സമയവും പങ്കെടുത്ത കെ.സി. വേണുഗോപാല്‍ കൃത്യമായ കര്‍മ്മപദ്ധതിയാണ് സംസ്ഥാന ഘടകത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. നിയമസഭയില്‍ 100 സീറ്റുകള്‍ പിടിച്ചെടുത്ത് അധികാരം തിരിച്ചുപിടിക്കുക. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും, വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ട് സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്.
ഒരുമിച്ച് നിന്നാല്‍ മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രകടമാക്കുന്നത്. തരൂരിനെ ചേര്‍ത്തുപിടിക്കുന്ന കെ.സിയും, പാര്‍ട്ടിക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച തരൂരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചിത്രം മാറ്റിവരയ്ക്കുകയാണ്. ബത്തേരിയില്‍ കണ്ട ഈ സ്നേഹസംഗമം വെറും പ്രകടനം മാത്രമല്ല, കേരള ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ഉറച്ച നയതന്ത്രത്തിന്റെ തുടക്കം കൂടിയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുറ്റപത്രം വൈകുന്നു; ശബരിമല കേസിൽ എൻ. വാസുവിനും സ്വാഭാവിക ജാമ്യത്തിന് വഴിതെളിയുന്നു





