കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തൊണ്ടി മുതലായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ വീണ്ടും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. സുപ്രീം കോടതിയിലെ പ്രശസ്ത മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് നടി പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുള്ളതായും , ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നേരത്തെ 2024-ൽ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണവും തൃപ്തികരമല്ലെന്നുമാണ് അതിജീവിതയുടെ നിലപാട്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ മുൻപത്തെ റിപ്പോർട്ട് റദ്ദാക്കി, സൈബർ-ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ സ്വതന്ത്ര സംഘത്തെക്കൊണ്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടും മുൻ അന്വേഷണത്തിൽ പ്രധാന ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിച്ചിരുന്നില്ല. ജില്ലാ കോടതിയിലെ ക്ലർക്ക് മഹേഷ് മോഹനൻ അഞ്ച് മാസത്തോളം മെമ്മറി കാർഡ് കൈവശം വെച്ചിരുന്നതായും, അത് പരിശോധിച്ച ഫോൺ പിന്നീട് നശിപ്പിച്ചതായി മൊഴിയുണ്ടായിട്ടും തുടർ അന്വേഷണത്തിന് മുൻ റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നില്ല.
മറ്റൊരു ഫോൺ തീവണ്ടി യാത്രയ്ക്കിടെ കളഞ്ഞു പോയെന്ന മൊഴി വിശ്വസിച്ചാണ് മുൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ പരിശോധനകൾക്ക് പിന്നിൽ സാമ്പത്തിക നേട്ടമുണ്ടായോ എന്നതിനെക്കുറിച്ചോ, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയോ യാതൊരു അന്വേഷണവും നടന്നിട്ടില്ല. സാക്ഷി മൊഴികളും കണ്ടെത്തലുകളും തമ്മിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാണിക്കുന്നു.


തൃശൂർ വെടിക്കെട്ട് ദുരന്തം ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കേരളമാകെ യു.ഡി.എഫ് തരംഗം : കമ്മ്യൂണിസ്റ്റ് കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം





