തിരുവനന്തപുരം: കടുത്ത കടക്കെണിയില്‍ ഉലയുന്ന കേരളത്തിന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി അത്യപൂര്‍വ്വവും വിപ്ലവകരവുമായ ലയന ഫോര്‍മുലയുമായി സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറങ്ങി. സംസ്ഥാനത്ത് കോടികളുടെ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷനെ (ബെവ്കോ), കനത്ത നഷ്ടത്തില്‍ കൂപ്പുകുത്തുന്ന സപ്ലൈകോയുമായി ലയിപ്പിക്കണമെന്ന സുപ്രധാന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയില്‍ സമര്‍പ്പിച്ച ധനസ്ഥിതി വിവര റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നത്. അണിയറയില്‍ ഇതിനായി വന്‍ നീക്കങ്ങളാണ് നടക്കുന്നത്.
ഇത്തരമൊരു ലയനം വഴി സപ്ലൈകോ വരുത്തിവെച്ചിരിക്കുന്ന വന്‍ സാമ്പത്തിക ബാധ്യത ബെവ്കോയുടെ ലാഭം ഉപയോഗിച്ച് പൂര്‍ണ്ണമായും നികത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. മദ്യക്കച്ചവടത്തിലെ ലാഭമെടുത്ത് സപ്ലൈകോയെ നേരെയാക്കുക വഴി പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് വിപണിയിലെ വിലക്കയറ്റം തടയുന്നതിനും സാധാരണക്കാര്‍ക്ക് സബ്സിഡി സാധനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും സഹായകരമാകും.
ലയനത്തിലൂടെ കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ കേന്ദ്ര ഗവണ്മെന്റിലേക്ക് സംസ്ഥാനം വച്ചുനീട്ടേണ്ടി വരുന്ന വലിയൊരു തുക ഖജനാവിന് ലാഭിക്കാന്‍ സാധിക്കുമെന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന സാമ്പത്തിക തന്ത്രം. രണ്ട് വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുമ്പോള്‍ ബെവ്കോയുടെ ലാഭത്തിന് വലിയ തുക നികുതി നല്‍കേണ്ടി വരുന്നുണ്ട്. എന്നാല്‍ നഷ്ടത്തിലുള്ള സപ്ലൈകോയുമായി ലയിക്കുമ്പോള്‍ ഈ നഷ്ടവും ലാഭവും തമ്മില്‍ ക്രമീകരിക്കപ്പെടുകയും നികുതി ബാധ്യത ഗണ്യമായി കുറയുകയും ചെയ്യും.
കേവലം താല്ക്കാലികമായ നികുതി വര്‍ദ്ധനവ് കൊണ്ട് മാത്രം സംസ്ഥാനത്തിന്റെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത തീര്‍ക്കാനാവില്ലെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ധനകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരം കാതലായ സര്‍ജറികള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഈ ലയന പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് സാമ്പത്തിക രംഗം ഉറ്റുനോക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താതെ ഇനി മുന്നോട്ടു പോകാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ബെവ്കോയുടെ വിതരണ ശൃംഖലയും സപ്ലൈകോയുടെ ഔട്ട്ലെറ്റുകളും കാര്യക്ഷമമായി സംയോജിപ്പിച്ചാല്‍ ഭരണപരമായ ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയും. പബ്ലിക് അഡ്മിനിസ്ട്രേഷനിലും ഗവേണന്‍സിലും വിപുലമായ പരിചയസമ്പത്തുള്ള വിദഗ്ദ്ധ സമിതിയാണ് ഈ ലയന ഫോര്‍മുല സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഉല്‍പ്പാദനത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്കുന്ന നിലവിലെ രീതി പാടേ മാറ്റണമെന്നും ധവളപത്രം ആവശ്യപ്പെടുന്നുണ്ട്. ഇതിന് പകരമായി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് (ഉആഠ) കൈമാറുന്ന രീതിയാണ് ഇനി നടപ്പിലാക്കാന്‍ പോകുന്നത്. സപ്ലൈകോയെ പുതിയ രൂപത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ ലയനം അനിവാര്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തിന്റെ ധനനയം സുതാര്യമാക്കുന്നത് വെറുമൊരു സര്‍ക്കാര്‍ കാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും പങ്കാളിത്തമുള്ള ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ആമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ വിഭവങ്ങള്‍ വിനിയോഗിക്കാന്‍ അധികാരമേറ്റെടുത്ത സര്‍ക്കാര്‍ സുതാര്യതയോടും സമഗ്രതയോടും ഉത്തരവാദിത്തത്തോടും കൂടി അത് കണക്കുവെക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വികസന മുന്‍ഗണനകള്‍, സാമൂഹിക ക്ഷേമം, പൊതു നിക്ഷേപം എന്നിവയില്‍ ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കൂ.
മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ റിപ്പോര്‍ട്ട് രൂപീകരിച്ചത്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡി. നാരായണ, സി.ഡി.എസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണി എന്നിവരായിരുന്നു സമിതിയിലെ മറ്റ് വിദഗ്ദ്ധര്‍. ഇവര്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള തങ്ങളുടെ ആഴത്തിലുള്ള ജ്ഞാനം ഇതിനായി പങ്കുവെച്ചു.
ഇതോടൊപ്പം പ്രൊഫ. എം. പരമേശ്വരന്, ഡോ. കിരണ്‍ കുമാര്‍ കകാര്ലപുടി എന്നിവര്‍ ഗവേഷണ പിന്തുണയും നല്‍കിയിട്ടുണ്ട്. ഫിനാന്‍സ് അഡീഷണല്‍ ഇവശലള സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന ബജറ്റില്‍ ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പ്രതിഫലിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സാമ്പത്തിക ഭാവി.
കര്‍ശനമായ ധന ഏകീകരണവും സാമ്പത്തിക അച്ചടക്കവും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. അനാവശ്യ ചെലവുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, വിവേകപൂര്‍ണ്ണമായ രീതിയില്‍ ചെലവുകള്‍ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. സംസ്ഥാനത്തിന്റെ വരുമാന സമാഹരണം ശക്തിപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ധവളപത്രത്തിലൂടെ വ്യക്തമാക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എറണാകുളത്തെ പഴയ ഗൺമാനെ തേടിയെത്തി! വർഷങ്ങൾക്കിപ്പുറം അപൂർവ്വ കൂടിക്കാഴ്ച;





