കൊച്ചി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ തന്റെ പഴയ ജില്ലയായ എറണാകുളത്തെ മറന്നില്ല, ഒപ്പം പഴയ ഗൺമാനേയും.
കേരള സന്ദർശന വേളയിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ തന്നെ വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ആവശ്യം അപ്പോൾ തന്നെ അംഗീകരിച്ച് സംസ്ഥാന പോലീസ് മേധാവി.
2002 ൽ എറണാകുളം ജില്ലാ കളക്ടറായിരിക്കെ ഗൺമാനായിരുന്ന സാബു വർഗീസിനെയാണ് സുരക്ഷാ ചുമതലകൾക്കായി ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടത്.നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ അവധിയിലായിരുന്ന ഗൺമാന് പകരക്കാരനായാണ് സാബു വർഗ്ഗീസ് കളക്ടറുടെ സുരക്ഷാ ഡ്യൂട്ടിയിൽ 2002ൽ പ്രവേശിക്കുന്നത്.അവധിയിലായിരുന്ന ഗൺമാൻ തിരികെ എത്തിയിട്ടും തുടരാൻ ഗ്യാനേഷ് കുമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് 2004 വരെ സാബു ഗ്യാനേഷ് കുമാറിനൊപ്പം സേവനമനുഷ്ഠിച്ചു.
നിലവിൽ വിമാനത്താവളത്തിൽ ലെയ്സൺ ഓഫീസറായി ജോലി ചെയ്യുന്ന സാബു വർഷങ്ങൾക്ക് ശേഷം ഗ്യാനേഷ് കുമാറിന്റെ സുരക്ഷാ ചുമതല വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സന്ദർശന വേളയിൽ സാബു തനിക്ക് സഹോദരനെ പോലെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മറ്റു ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നിയെന്ന് സാബു പറയുന്നു.
മടക്കയാത്രയിൽ വിമാനത്താവളത്തിൽ ഗ്യാനേഷ് കുമാറിന്റെ പഴയ കുടുംബചിത്രം സമ്മാനിച്ചുകൊണ്ടാണ് സാബു അദ്ദേഹത്തെ യാത്രയാക്കിയത്. അടുത്ത തവണ വരുമ്പോൾ കൊച്ചുമക്കളെയും കൂടെക്കൂട്ടാമെന്ന് ഉറപ്പുനൽകിയ കമ്മിഷണർ സാബുവിനെ കുടുംബസമേതം ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രതീക്ഷിക്കാത്ത തിരിച്ചടി, കണ്ണൂർ കോട്ടകളിലും വിള്ളൽ; പരാജയം ആഴത്തിൽ പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ; തിരുത്തൽ നടപടികൾക്ക് സി.പി.എം





