ക്ഷേത്രപരിസരങ്ങൾ ഇനി ഹരിതാഭമാകും; ‘ദേവാരണ്യം’ പദ്ധതിക്ക് ജൂൺ അഞ്ചിന് തുടക്കം

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി ദേവസ്വം വകുപ്പ്. ‘ദേവാരണ്യം’ എന്ന് പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമാകും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും വനംവകുപ്പിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്ക് കീഴിലുള്ള 3087 ക്ഷേത്രങ്ങളിലും പദ്ധതി നടപ്പിലാക്കും. ഒരുവർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷേത്രപരിസരങ്ങളിൽ തെച്ചി, അരളി തുടങ്ങിയ ചെടികൾ നട്ട് പരിപാലിക്കും. അരയാൽ, പേരാൽ, അത്തി, ഇത്തി, കൂവളം എന്നിവയും ഔഷധസസ്യങ്ങളും വളർത്തും. ക്ഷേത്രകാവുകളുടെ സംരക്ഷണവും ഉറപ്പുവരുത്തും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ പങ്ക് ഉറപ്പുവരുത്തും. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ദേവസ്വങ്ങൾക്ക് ഭാവിയിൽ ഈ പദ്ധതി മുതൽക്കൂട്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ഉന്നതതല യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി ഗോപിനാഥ്, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി.കെ ഗോപി, റവന്യു ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, വിവിധ ദേവസ്വം കമ്മിഷണർമാരായ ബി. സുനിൽകുമാർ, ടി.സി ബിജു, എസ്.ആർ ഉദയകുമാർ, അഡീഷനൽ സെക്രട്ടറി കെ. ജയപാൽ, കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ജി.എസ് രാധ എന്നിവർ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.