ലഹരിസംഘങ്ങളുടെ താവളമായി തെരുവുകള്‍; കൊച്ചിക്ക് ഇരുട്ടടിയായി കലൂരിലെ അഴിഞ്ഞാട്ടം; നഗര സുരക്ഷ കാക്കാന്‍ ‘ഓപ്പറേഷന്‍’ തിരിച്ചെത്തണം

കൊച്ചി: നൈറ്റ് ലൈഫും ആധുനികതയും ആഘോഷമാക്കുന്ന കൊച്ചി മെട്രോ നഗരത്തിന്റെ സുരക്ഷാ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതായി കലൂരിലെ രാത്രികാല അതിക്രമം. പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം കൊച്ചിയിലെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. പുലര്‍ച്ചെ നാലുമണിക്ക് പോലും സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടന്നുപോകാന്‍ കഴിയില്ലെന്ന അവസ്ഥ നഗരത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് എട്ടംഗ സംഘം അഴിഞ്ഞാടിയത്. വഴിയില്‍ വെച്ച് ലൈംഗികച്ചുവയോടെയുള്ള കമന്റടികള്‍ ചോദ്യം ചെയ്തതാണ് അക്രമികളെ ചൊടിപ്പിച്ചത്. ക്രൂരത മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടികളുടെ ഫോണ്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടികളിലൊരാളെ റോഡിലിട്ട് ക്രൂരമായി ചവിട്ടുകയും തലയ്ക്കടിച്ച് നിലത്തിടിക്കുകയുമായിരുന്നു. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘമാണ് ഈ അതിക്രമത്തിന് പിന്നിലെന്നത് സംഭവത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു.
നൈറ്റ് ലൈഫിന്റെ മറവില്‍ കൊച്ചിയിലെ തെരുവുകള്‍ ലഹരി-ക്രിമിനല്‍ സംഘങ്ങള്‍ കൈയടക്കുന്നു എന്ന ആക്ഷേപം ശരിവെയ്ക്കുന്നതാണ് കലൂരിലെ ഈ സംഭവം. ലഹരി മൂത്ത് ആരെയും ആക്രമിക്കാന്‍ മടിക്കാത്ത ക്രിമിനലുകള്‍ രാത്രികളില്‍ സജീവമാകുമ്പോള്‍ സാധാരണക്കാര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അക്രമികള്‍ തങ്ങളുടെ കൂടെയുള്ള സ്ത്രീകളെപ്പോലും മര്‍ദ്ദനത്തിന് ആയുധമാക്കുന്നു എന്നത് നഗരത്തിലെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ ഭീതിദമായ അവസ്ഥയാണ് കാണിക്കുന്നത്.
കലൂര്‍ പോലുള്ള നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രത്തില്‍, പുലര്‍ച്ചെ സമയത്ത് ഇത്രയും വലിയൊരു അക്രമം നടന്നിട്ടും പോലീസിന്റെ പെട്രോളിംഗ് സംവിധാനങ്ങള്‍ എവിടെയായിരുന്നു എന്ന ചോദ്യം ശക്തമാണ്. കൊച്ചിയിലെ രാത്രികാല സുരക്ഷ വെറും പ്രഖ്യാപനങ്ങളില്‍ മാത്രമാണ് ഒതുങ്ങുന്നത്. നഗരത്തിലെ സുരക്ഷാ ചുമതലയില്‍ പോലീസിന് സംഭവിച്ച വീഴ്ച തന്നെയാണ് ക്രിമിനലുകള്‍ക്ക് ജനമധ്യത്തില്‍ അഴിഞ്ഞാടാന്‍ ധൈര്യം നല്‍കുന്നത്.
ഈ സാഹചര്യത്തിലാണ് കൊച്ചി നഗരത്തില്‍ ഗുണ്ടകളെയും ലഹരി മാഫിയയെയും അടിച്ചമര്‍ത്താന്‍ മുന്‍പ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ പോലുള്ള കര്‍ശനമായ പോലീസ് റെയ്ഡുകളുടെ അനിവാര്യത വീണ്ടും ചര്‍ച്ചയാകുന്നത്. കൊച്ചിയുടെ രാത്രികളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ വേരോടെ പിഴുതെറിയാന്‍ വിട്ടുവീഴ്ചയില്ലാത്ത ഇടപെടല്‍ ഉണ്ടാകണം. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിന്റെ നിരന്തരമായ പരിശോധന ഉറപ്പാക്കുന്ന വലിയൊരു ഓപ്പറേഷനാണ് കൊച്ചിക്ക് ഇപ്പോള്‍ ആവശ്യം.
സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഉടനടി വലയിലാക്കാന്‍ സാധിക്കണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍, അക്രമികള്‍ പ്രാദേശികമായി സ്വാധീനമുള്ളവരാണെന്നാണ് സൂചന. ഇത്തരം ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയമോ പ്രാദേശികമോ ആയ യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ നഗരത്തിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാകൂ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.