തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ അപൂര്‍വമായൊരു രാഷ്ട്രീയപ്പകര്‍ച്ചയ്ക്കാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് വി.ഡി. സതീശന്‍ നടന്നു കയറിയപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഒന്നായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളുടെയും സോഷ്യല്‍ മീഡിയ കൈയടികളുടെയും ഭാരം ഭരണതലപ്പത്തിരിക്കുമ്പോള്‍ സതീശന് താങ്ങാനാകുമോ എന്നതായിരുന്നു അത്.
എന്നാല്‍, മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊണ്ടുവന്ന ആദ്യ അടിയന്തരപ്രമേയ നോട്ടീസിനെ മുഖ്യമന്ത്രി സഭയില്‍ നേരിട്ട രീതി ഇടതുപക്ഷം ഒട്ടും പ്രതീക്ഷിച്ചതാകാന്‍ വഴിയില്ല. സോഷ്യല്‍ മീഡിയയിലെ പ്രസംഗകനപ്പുറം, ഭരണാധികാരത്തിന്റെ കണിശതയും കണക്കുകളുടെ പിന്‍ബലവും തനിക്ക് കൃത്യമായി വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു സഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. ഇത് സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളെ പാടെ തെറ്റിക്കുന്നതായിരുന്നു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇന്ധനവില വര്‍ധനവിനെതിരെ വി.ഡി. സതീശന്‍ നടത്തിയ സമരങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് കെ.എന്‍. ബാലഗോപാല്‍ സഭയില്‍ രാഷ്ട്രീയമായ ഒരു കെണിയൊരുക്കാന്‍ ശ്രമിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പാക്കണമെന്ന രാഷ്ട്രീയ ധാര്‍മ്മികതയുടെ ചോദ്യമാണ് ബാലഗോപാല്‍ പ്രധാനമായും ഉന്നയിച്ചത്.
വാണിജ്യ സിലിണ്ടറിന്റെയും ഇന്ധനങ്ങളുടെയും വിലവര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുന്നു എന്ന വസ്തുത അദ്ദേഹം സഭയില്‍ നിരത്തുകയുണ്ടായി. പ്രതിപക്ഷത്തെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കാന്‍ ബാലഗോപാല്‍ എറിഞ്ഞ ഈ പന്ത് പക്ഷേ ചെന്നു വീണത് കൃത്യമായ ഹോംവര്‍ക്ക് ചെയ്‌തെത്തിയ ഒരു മുഖ്യമന്ത്രിയുടെ കോര്‍ട്ടിലായിരുന്നു. വെറുമൊരു രാഷ്ട്രീയ മറുപടിയിലൊതുക്കാതെ കണക്കുകള്‍ നിരത്തിയാണ് സതീശന്‍ തിരിച്ചടിച്ചത്.
ഭരണപക്ഷത്തിന്റെ വെറുമൊരു പ്രതിരോധമല്ല, മറിച്ച് മുന്‍ ഇടത് സര്‍ക്കാരിന്റെ വീഴ്ചകളെ പൂര്‍ണ്ണമായി തുറന്നുകാട്ടിയുള്ള ശക്തമായ ആക്രമണമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയത്. കേവലം രാഷ്ട്രീയ പ്രസ്താവനകള്‍ക്കപ്പുറം മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പഴയ സഭാപ്രസംഗങ്ങള്‍ തന്നെ ആയുധമാക്കിയാണ് സതീശന്‍ ബാലഗോപാലിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയത്.
നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങള്‍ ഇടതുസര്‍ക്കാര്‍ കാണിക്കില്ല എന്ന് മുന്‍ ധനകാര്യമന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. അന്ന് അവര്‍ കാട്ടാത്ത മണ്ടത്തരം ചെയ്യാന്‍ വേണ്ടിയാണോ ഇപ്പോള്‍ തന്നെ ഉപദേശിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മുന്നില്‍ പ്രതിപക്ഷത്തിന് മറുപടിയില്ലാതായി. 2016 മുതല്‍ ഇന്ധനവില വര്‍ധനവിലൂടെ വലിയ തുക അധികം കിട്ടിയിട്ടും ഇടത് സര്‍ക്കാര്‍ ഒരു രൂപ പോലും കുറച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കിയ മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. മാര്‍ക്കറ്റില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കേണ്ട ഏജന്‍സിക്ക് 2,893 കോടി രൂപയുടെ ഭീമമായ കടം ബാക്കിവെച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇടതുപക്ഷത്തെ ഞെട്ടിക്കുന്നതായിരുന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരവും സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ത്തിപ്പിടിച്ച് പുതിയ സര്‍ക്കാരിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കാമെന്ന സി.പി.എം തന്ത്രത്തിനാണ് സഭയില്‍ ആദ്യ പ്രഹരമേറ്റത്. ഇന്ധന നികുതി കുറയ്ക്കുന്നതിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും കൃത്യമായ കണക്കുകളോടെ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും മുന്‍ സര്‍ക്കാരിന്റെ കടവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് അദ്ദേഹം സ്ഥാപിച്ചു.
ഭരണത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ധവളപത്രം ഇറക്കുമെന്ന പ്രഖ്യാപനത്തിലൂടെ സതീശന്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം കാണുന്നുണ്ട്. വിപണിയിലെ വിലക്കയറ്റം ഭാഗികമായി സമ്മതിക്കുമ്പോഴും, അതിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരാജയങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ കഴിഞ്ഞത് പുതിയ സര്‍ക്കാരിന്റെ വലിയൊരു രാഷ്ട്രീയ വിജയമാണ്.
സോഷ്യല്‍ മീഡിയയിലെ തരംഗത്തിനപ്പുറം, നിയമസഭയിലെ വാദപ്രതിവാദങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും വി.ഡി. സതീശന്‍ എന്ന മുഖ്യമന്ത്രി പുലര്‍ത്തുന്ന ഈ കണിശത വരുംദിവസങ്ങളില്‍ പ്രതിപക്ഷത്തിന് വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക എന്ന് വ്യക്തം. ഭരണാധികാരി എന്ന നിലയില്‍ ആദ്യ പരീക്ഷണത്തില്‍ത്തന്നെ സതീശന്‍ ഗംഭീര വിജയം നേടിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല ആചാരങ്ങള്‍ ലിംഗവിവേചനമല്ല; തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുത്: സുപ്രീംകോടതിയില്‍ കേന്ദ്രം എടുത്തത് വിശ്വാസ വികാരം; കേരളം എന്തു പറയും? എങ്ങും ആകാംഷ





