ശബരിമല ആചാരങ്ങള്‍ ലിംഗവിവേചനമല്ല; തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുത്: സുപ്രീംകോടതിയില്‍ കേന്ദ്രം എടുത്തത് വിശ്വാസ വികാരം; കേരളം എന്തു പറയും? എങ്ങും ആകാംഷ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ശബരിമലയിലെ ആചാരങ്ങള്‍ ലിംഗവിവേചനമോ തൊട്ടുകൂടായ്മയോ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെ, വരുംദിവസങ്ങളില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളി പൊതുസമൂഹം.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ കേന്ദ്ര സര്‍ക്കാരും കോടതിയും തമ്മില്‍ നടന്നത് ശക്തമായ വാദപ്രതിവാദം. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും ആര്‍ത്തവവുമായി ബന്ധപ്പെട്ട വിലക്കുകളെ തൊട്ടുകൂടായ്മയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മുന്‍ നിലപാടുകളില്‍ നിന്ന് വ്യക്തമായ മാറ്റം വരുത്തിക്കൊണ്ട് ആചാര സംരക്ഷണത്തിനായി വാദമുയര്‍ത്തിയത്.
ശബരിമലയിലെ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും അത് തിരുത്തണമെന്നുമാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. മതത്തിന്റെ അനിവാര്യ ഘടകങ്ങള്‍ എന്താണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും പണ്ഡിതപരമായ പരിജ്ഞാനം ഇല്ലാത്ത വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ഉചിതമല്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ നിര്‍വ്വഹിക്കാനും പ്രതിഷ്ഠയെ സ്പര്‍ശിക്കാനും പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ളവരെ മാത്രമേ മതവിഭാഗങ്ങള്‍ അംഗീകരിക്കുകയുള്ളൂവെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍, ആചാരങ്ങളെ അന്ധവിശ്വാസമെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മറുപടി നല്‍കി. മനുഷ്യബലി പോലുള്ള കാര്യങ്ങള്‍ മതാചാരമെന്ന് പറഞ്ഞ് അനുവദിക്കാനാവില്ലെന്നും പൊതുക്രമത്തെയോ നൈതികതയെയോ ബാധിക്കുന്ന ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്നും ജസ്റ്റിസ് നാഗരത്‌നയും നിരീക്ഷിച്ചു. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഇപ്പോഴും സമൂഹത്തില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണത്തെ കേന്ദ്രം ശക്തമായി എതിര്‍ത്തു. ശബരിമലയിലെ ആചാരം ഒരു വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ ഭരണഘടനാ വിരുദ്ധമായ തൊട്ടുകൂടായ്മയായി കാണരുതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
കേന്ദ്ര സര്‍ക്കാര്‍ ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് കേരള സര്‍ക്കാരിന്റെ നീക്കത്തിലേക്കാണ്. നേരത്തെ യുവതീപ്രവേശത്തെ അനുകൂലിച്ചും സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും വാദിച്ച സംസ്ഥാന സര്‍ക്കാര്‍, ഒമ്പതംഗ ബെഞ്ചിന് മുന്‍പില്‍ എന്ത് നിലപാടാകും സ്വീകരിക്കുക എന്നത് രാഷ്ട്രീയമായും നിയമപരമായും നിര്‍ണ്ണായകമാണ്. വിശ്വാസികള്‍ക്കിടയില്‍ കനത്ത സ്വാധീനമുള്ള ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓരോ വാക്കും വരാനിരിക്കുന്ന വിധിയെ സ്വാധീനിച്ചേക്കാം. വാദം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്ന് പുറത്തുവരുന്ന ഓരോ നിരീക്ഷണങ്ങളും കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.