തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ മരണം ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അഖില, ഇവരുടെ കൂടെ താമസിക്കുന്ന പങ്കാളിയും ഡ്രൈവറുമായ അഷ്‌കര്‍ എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ ജനനേന്ദ്രിയത്തിലും കാല്‍പാദങ്ങളിലും ഉള്‍പ്പെടെ മരണകാരണമായ മര്‍ദനങ്ങള്‍ അടക്കം 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയത്. കേരള മനസ്സാക്ഷിയെ അപ്പാടെ ഉലയ്ക്കുന്ന അതിക്രൂരമായ വിവരങ്ങളാണ് ഈ കുരുന്നിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്നത്.
രണ്ടു വര്‍ഷം മുന്‍പ്, അഖില മൂന്നു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവ് എസ്. അഖില്‍ ജീവനൊടുക്കുന്നത്. അഖിലിന്റെ മരണശേഷമാണ് അഖില ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങിയത്. എട്ടു മാസം മുന്‍പാണ് ഇവര്‍ കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിന് സമീപമുള്ള ‘അര്‍ച്ചിതം’ വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. ഇവിടെ വെച്ചാണ് കുഞ്ഞിന് നേരെ നിരന്തരമായി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ അരങ്ങേറിയത്. അഷ്‌കര്‍ കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന പരുക്കുകളാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയത്തിലും ഉള്‍പ്പെടെ 51 മുറിവുകളും പരുക്കുകളുമാണ് ഉണ്ടായിരുന്നത്. ഈ കടുത്ത ശാരീരിക മര്‍ദനങ്ങളാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. പുതിയ മുറിവുകള്‍ക്ക് പുറമേ, മുന്‍പ് പലപ്പോഴായി പരുക്കേറ്റ് ഉണങ്ങിയ ഒട്ടനവധി അടയാളങ്ങളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.
കുഞ്ഞിന്റെ കാല്‍പാദങ്ങളുടെ അടിഭാഗത്തും വിരലുകളുടെ അടിഭാഗത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ചൂടുവെച്ചോ മറ്റോ പൊള്ളിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞിരുന്നു. അന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞ് സൈക്കിള്‍ ചവിട്ടിയപ്പോള്‍ വീണതാണെന്ന കള്ളക്കഥയായിരുന്നു അഷ്‌കര്‍ പ്രചരിപ്പിച്ചിരുന്നത്. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞ് ആഹാരം ഛര്‍ദിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അര്‍ഷിദിനെ അഷ്‌കര്‍ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ എസ്.എ.ടി.യില്‍ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. നാലരയോടെ ആഹാരം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ കുട്ടി ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് അവശനാവുകയായിരുന്നു എന്നാണ് അഷ്‌കര്‍ പോലീസിന് നല്‍കിയ മൊഴി. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു. എന്നാല്‍ കുഞ്ഞിന് നേരെയുണ്ടായ നിരന്തര പീഡനങ്ങള്‍ മറച്ചുവെച്ചതിലും പങ്കാളിയുടെ ക്രൂരതകള്‍ക്ക് ഒത്താശ ചെയ്തതിലുമാണ് അമ്മയായ അഖിലയെയും പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവ് പരേതനായ അഖിലിന്റെ പച്ച കടുവപ്പാറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ മരണത്തില്‍ ആദ്യമേ തന്നെ വലിയ ദുരൂഹതയുണ്ടെന്ന് അഖിലിന്റെ പിതാവ് എസ്. സുനില്‍ കുമാര്‍ ആരോപിച്ചിരുന്നു. കേസില്‍ ഇവര്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. നെടുമങ്ങാട് ഡി.വൈ.എസ്.പി. കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ ക്രൂരതയ്ക്ക് പിന്നിലെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പോലീസ് വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം ; അമ്മക്കെതിരെ വധശ്രമത്തിന് കേസ്





