പൂജപ്പുര മുതല്‍ മുണ്ടയാട് വരെ അതിവേഗം പറപറക്കാം; അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇ. ശ്രീധരന്റെ ‘ഹരിത റെയില്‍ ഇടനാഴി’; വിപ്ലവ പദ്ധതിയുടെ രൂപരേഖ അറിയാം….. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 23 സ്റ്റേഷനുകള്‍ ഏതെല്ലാം?

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ചരിത്രത്തെ പുതിയൊരു യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ സമര്‍പ്പിച്ചു. പദ്ധതിയുടെ അണിയറശില്പിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് രൂപരേഖ കൈമാറി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് അദ്ദേഹം പദ്ധതിയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഇടത് സര്‍ക്കാര്‍ വിഭാവനം ചെയ്ത കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി ജനരോഷത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ്, പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമില്ലാത്ത പുതിയൊരു പദ്ധതിയുമായി യു.ഡി.എഫ്. സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുന്നത്.
കേരളത്തിന്റെ റെയില്‍ ഗതാഗത മേഖലയെ പൂര്‍ണ്ണമായും ആധുനികവല്‍ക്കരിക്കാനും ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. ആവശ്യമായ ഔദ്യോഗിക അനുമതികള്‍ അതിവേഗം ലഭ്യമാക്കിയാല്‍ കൃത്യം അഞ്ച് വര്‍ഷത്തിനകം ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ പൂജപ്പുരയില്‍നിന്ന് ആരംഭിച്ച് കണ്ണൂരിലെ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ റെയില്‍പാത നിര്‍മ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളാണ് ഇതിലൂടെ സര്‍വീസ് നടത്തുക. ഇതോടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചേരാന്‍ വെറും മൂന്നര മണിക്കൂര്‍ മാത്രം മതിയാകും.
സംസ്ഥാനത്തെ തെക്ക്-വടക്ക് ജില്ലകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 23 സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. സ്റ്റേഷനുകള്‍ തമ്മില്‍ ശരാശരി 21.5 കിലോമീറ്റര്‍ ദൂരവ്യത്യാസമുണ്ടാകും. പൂജപ്പുര, തിരുവനന്തപുരം വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷന്‍, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി വിമാനത്താവളം, ചാലക്കുടി, തൃശൂര്‍ ജങ്ഷന്‍, പട്ടാമ്പി ജങ്ഷന്‍, മലപ്പുറം, കോഴിക്കോട് വിമാനത്താവളം, കോഴിക്കോട് ജങ്ഷന്‍, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ്, കണ്ണൂര്‍ മുണ്ടയാട് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്ന സ്റ്റേഷനുകള്‍.
കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളെ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്) നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പാതയെന്നത് വലിയൊരു സവിശേഷതയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇവിടേക്ക് യാത്ര സുഗമമാക്കാന്‍ മികച്ച കണക്റ്റിവിറ്റി റോഡുകളും നിര്‍മ്മിക്കും. ഭാവിയില്‍ എരുമേലിയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ അങ്ങോട്ടേക്കും ഇത്തരത്തില്‍ റോഡ് സൗകര്യം സജ്ജമാക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ആധുനിക റെയില്‍വേ സംവിധാനങ്ങള്‍ക്ക് അനുയോജ്യമായ ‘സ്റ്റാന്‍ഡേര്‍ഡ് ഗേജി’ലാണ് ഈ പുതിയ ഇരട്ടപ്പാത നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ജനസാന്ദ്രതയേറിയ 6.5 കിലോമീറ്റര്‍ ദൂരം അത്യാധുനിക ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ (അണ്ടര്‍ഗ്രൗണ്ട്) ആയിരിക്കും കടന്നുപോകുക. എന്നാല്‍ ബാക്കിയുള്ള മുഴുവന്‍ റെയില്‍പ്പാതയും പൂര്‍ണ്ണമായും ആകാശപാതയായി (എലിവേറ്റഡ് വിവിഐപി കോറിഡോര്‍) ആയിട്ടായിരിക്കും നിര്‍മ്മിക്കുക.
ആകാശപാതയായതിനാല്‍ വെറും 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകും എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ്. കെ-റെയില്‍ പോലെ വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകളോ പരിസ്ഥിതി നാശമോ ജനവാസമേഖലകളെ വിഭജിക്കലോ ഈ പദ്ധതിയിലൂടെ ഉണ്ടാകില്ല. കൃഷിഭൂമികളും നെല്‍വയലുകളും വലിയ തോതില്‍ സംരക്ഷിക്കപ്പെടും.
ഏകദേശം 60,000 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന ഈ അതിവേഗ പദ്ധതി തികച്ചും പരിസ്ഥിതി സൗഹൃദമാണ്. സ്വന്തം സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്നുള്ള ഹരിത ഊര്‍ജ്ജം (സോളാര്‍ പവര്‍) മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ‘ഹരിത റെയില്‍ ഇടനാഴി’ ആയിരിക്കും ഇത്. പദ്ധതിക്ക് ആവശ്യമായ ഊര്‍ജ്ജം പൂര്‍ണ്ണമായി ഉല്‍പ്പാദിപ്പിച്ച ശേഷം ബാക്കി വരുന്ന വന്‍തോതിലുള്ള വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത് സംസ്ഥാനത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്കും വലിയ ആശ്വാസമാകും.
തുടക്കത്തില്‍ 800 യാത്രക്കാര്‍ക്ക് ഒരേസമയം സുഖകരമായി സഞ്ചരിക്കാവുന്ന 12 കോച്ചുകളുള്ള ആധുനിക ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഭാവിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 16 ആയി ഉയര്‍ത്താനുള്ള സാങ്കേതിക സൗകര്യവും ട്രാക്കുകളില്‍ ഒരുക്കും. കോച്ചുകളുടെയും സര്‍വീസുകളുടെയും എണ്ണം ഘട്ടങ്ങളായി കൂട്ടുന്നതോടെ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാന്‍ ഈ ഹരിത അതിവേഗ റെയിലിന് ശേഷിയുണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തെ റോഡുകളിലെ വന്‍ ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും വലിയ തോതില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.