പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല; അതില്‍ ആര്‍ക്കാണ് അസഹിഷ്ണുത’; സത്യപ്രതിജ്ഞാ വിവാദം വെട്ടിനിരത്തി മുഖ്യമന്ത്രി; വന്ദേമാതരത്തിലും മറുപടി

തിരുവനന്തപുരം: ‘താന്‍ ആദ്യമായി എം.എല്‍.എ ആകുന്നതിന് മുന്‍പുതന്നെ പ്രിയപ്പെട്ട മാതാപിതാക്കള്‍ മരണപ്പെട്ടതാണ്. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ പദവി ഏറ്റെടുക്കുന്ന വേളയില്‍ അവരോടുള്ള ആദരവും സ്മരണയും പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് ചേര്‍ത്ത് സത്യവാചകം ചൊല്ലിയത്. പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല. അതില്‍ എനിക്ക് വലിയ സങ്കടമുണ്ട്.
മാതാപിതാക്കളുടെ പേര് എവിടെയും അഭിമാനത്തോടെയാണ് ഞാന്‍ പറയാറുള്ളത്, അതില്‍ ആര്‍ക്കാണ് ഇത്ര അസഹിഷ്ണുത?’പതിനാറാം കേരള നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ പേര് ഔദ്യോഗികമായി ചൊല്ലിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പിതാവിന്റെ പേര് പരാമര്‍ശിച്ചതിനെ ചൊല്ലി പ്രതിപക്ഷവും ചില കോണുകളും ഉയര്‍ത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് വൈകാരികവും ശക്തവുമായ മറുപടിയിലൂടെ മുഖ്യമന്ത്രി ഈ വിവാദങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. ഔദ്യോഗിക രേഖകളില്‍ തന്റെ മുഴുവന്‍ പേര് വായിക്കുന്നത് തികച്ചും സ്വാഭാവികമാണെന്നും പാസ്പോര്‍ട്ടിലും മറ്റും ഇത്തരത്തിലാണ് രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വിപുലമായ വാര്‍ത്താസമ്മേളനത്തിലാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയതിനൊപ്പം സംസ്ഥാനത്തിന്റെ വികസന ഗതി മാറ്റുന്ന സുപ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കി. പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് വേണ്ടെന്ന് വെക്കുന്നതെന്നും, യു.ഡി.എഫ് സബ് കമ്മിറ്റി പഠിച്ച് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ചിരുന്ന എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായും, ഭൂമിയില്‍ സ്ഥാപിച്ചിരുന്ന വിവാദ ‘മഞ്ഞക്കുറ്റികള്‍’ അടിയന്തിരമായി നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കെതിരെ എടുത്ത പൊലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ഔദ്യോഗിക ശുപാര്‍ശ കോടതിയില്‍ സമര്‍പ്പിക്കും. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്തിന് അനുയോജ്യമായ ‘സ്പീഡ് കൊറിഡോര്‍’, ‘അതിവേഗ ഇടനാഴി’ എന്നിവ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 ഓഗസ്റ്റ് 31-നകം കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ നല്‍കും. പുതിയ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ‘വിഷന്‍ 2031’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി 100 ദിവസത്തെ കര്‍മ്മ പദ്ധതിയും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റും ഉടന്‍ തയ്യാറാക്കും. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് ഇതിനോടകം വിഭജിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നും പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി പ്രത്യേക വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വിവാദത്തിലും മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കി. ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത് രാജ്ഭവനില്‍നിന്നുള്ള (ലോക്ഭവന്‍) ഔദ്യോഗിക നിര്‍ദേശം അനുസരിച്ചാണെന്നും താന്‍ വേദിയില്‍ ചെന്നിരിക്കുമ്പോഴാണ് ഈ വിവരത്തെക്കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് പൂര്‍ണ്ണമായി സംഘടിപ്പിച്ചത് രാജ്ഭവന്‍ ആണ്. സാധാരണയായി ഇത്തരം സംസ്ഥാന ചടങ്ങുകളില്‍ ദേശീയഗാനം മാത്രമാണ് ആലപിക്കാറുള്ളത്. എന്നാല്‍ രാജ്ഭവന്‍ നിശ്ചയിച്ച പ്രോട്ടോക്കോള്‍ അനുസരിച്ച് പാടിത്തുടങ്ങിയ ഒരു ഔദ്യോഗിക ഗാനം ആ സമയത്ത് പെട്ടെന്ന് തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.