സ്വാഭാവിക മരണമെന്ന് കരുതി; വഴിത്തിരിവായത് ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം; കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി; ശാന്തന്‍പാറയില്‍ വീട്ടമ്മയെ കൊന്നത് ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ്; ആ സത്യവും കണ്ടെത്തി കേരളാ പോലീസ്

ഇടുക്കി: ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. സംഭവത്തില്‍ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവായ എസ്റ്റേറ്റ് ലെയിന്‍ സ്വദേശി രാമകൃഷ്ണനെ (50) ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മെയ് 4-ാം തീയതി ഉച്ചയ്ക്കാണ് ജഗന്‍മോഹന്റെ ഭാര്യ ശാന്തിയെ (36) വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശാന്തിക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടുകാരോ നാട്ടുകാരോ ആദ്യം അസ്വാഭാവികത സംശയിച്ചിരുന്നില്ല. ചായ നല്‍കുന്നതിനിടെ ശാന്തി കുഴഞ്ഞുവീണതാണെന്നായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന രാമകൃഷ്ണന്‍ ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
എന്നാല്‍, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കേസ് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കാരണമായത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദമായ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ടെത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പോലീസ് അന്വേഷണം രാമകൃഷ്ണനിലേക്ക് നീണ്ടു.
കൊലപാതകം നടന്ന ദിവസം ജഗന്‍മോഹന്‍ വീട്ടിലില്ലാത്ത സമയത്താണ് രാമകൃഷ്ണന്‍ എത്തിയത്. ആണി വാങ്ങാന്‍ വന്നതാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വഭാവദൂഷ്യത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു, മൂന്നാര്‍ ഡിവൈഎസ്പി ചന്ദ്രകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ എസ്. ശരത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.