കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത; കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ പാടുകള്‍; അമ്മയെയും ആണ്‍ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകന്‍ ഗില്‍ദര്‍ (4) മരിച്ച സംഭവത്തില്‍ കൊലപാതക സാധ്യത തളളാതെ പോലീസ്. കുട്ടിയുടെ കഴുത്തില്‍ ബലമായി മുറുക്കിയ തരത്തിലുള്ള രണ്ട് പാടുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ മുന്നി ബീഗം, ഇവരുടെ സുഹൃത്ത് തന്‍ബീര്‍ അലാത്ത് എന്നിവരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും പോലീസിന് നല്‍കിയ മൊഴിയിലും പൊരുത്തക്കേടുകള്‍ ഉണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടത്തിയ കുട്ടി വൈകുന്നേരമായിട്ടും ഉണരാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു എന്നായിരുന്നു മുന്നി ബീഗം ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ മുറുക്കിയതിന് സമാനമായ പാടുകള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. കയറോ തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗവും മക്കളും (ഗില്‍ദറും 18 മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും) ഏകദേശം രണ്ടാഴ്ച മുമ്പാണ് കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസത്തിനെത്തിയത്. ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കുട്ടികളുമായി കഴക്കൂട്ടത്തേക്ക് മാറിയത്.മുന്നി ബീഗത്തോടൊപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് തന്‍ബീര്‍ അലാത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ് പോലീസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.