‘ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നു’; വടുതലയിലെ കൂട്ടമരണത്തിന് പിന്നില്‍ ബന്ധുക്കളുടെ കുറ്റപ്പെടുത്തലെന്ന് ആത്മഹത്യാക്കുറിപ്പ്

കൊച്ചി: വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. മരിച്ച അശ്വതിയുടെ ഭര്‍ത്താവ് അര്‍ഷീദിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നടത്തിയ കുറ്റപ്പെടുത്തലുകളാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നു’ എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളായ ശ്രീകുമാരി (60), മകള്‍ അശ്വതി എസ്. നായര്‍ (34), അശ്വതിയുടെ മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (10), രണ്ട് വയസ്സുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. എട്ടു മാസം മുന്‍പാണ് അശ്വതിയുടെ ഭര്‍ത്താവ് അര്‍ഷീദ് മരിച്ചത്. ഇതിനുശേഷം വലിയ മാനസിക വിഷമത്തിലായിരുന്ന അശ്വതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയിരുന്നതായും ഇത് വലിയ മാനസികാഘാതം സൃഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.
ഭിന്നശേഷിക്കാരനായ മകന്‍ കീര്‍ത്തിവന്റെ ചികിത്സയ്ക്കായാണ് കുടുംബം രണ്ട് മാസം മുന്‍പ് വടുതല കര്‍ഷക റോഡിലെ ‘ഗ്രീന്‍ ഗാര്‍ഡന്‍’ എന്ന വീട് വാടകയ്ക്കെടുത്തത്. ഏതാനും ദിവസമായി വീട്ടുകാരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് വിദേശത്തുള്ള വീട്ടുടമസ്ഥന്‍ അയല്‍വാസികളോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അമ്മയെയും മകളെയും തൂങ്ങിയ നിലയിലും മൂന്ന് കുട്ടികളെയും കട്ടിലിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മുതിര്‍ന്നവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. എറണാകുളം നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.