നെടുങ്കണ്ടം: ഇടുക്കിയുടെ മലയോര ഗ്രാമത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നത് സിനിമയെപ്പോലും വെല്ലുന്ന ക്രൂരതകള്‍. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരന് രജിയെയും കൊന്നു കുഴിച്ചുമൂടിയ സജി, കൊലപാതകത്തിന് ശേഷം ഇരുപത്തിയഞ്ച് ദിവസത്തോളം നാട്ടില്‍ വിലസി നടന്നത് തികഞ്ഞ ക്രിമിനല്‍ ബുദ്ധിയോടെയാണെന്ന് പൊലീസ് പറയുന്നു. യാതൊരു കുറ്റബോധവുമില്ലാതെ, നാട്ടുകാരെ വിവാഹത്തിന് ക്ഷണിച്ചും വോട്ട് രേഖപ്പെടുത്തിയും നടന്ന സജിയുടെ ഓരോ നീക്കങ്ങളും പോലീസിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.
ഏപ്രില്‍ നാലിന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. മദ്യപിച്ചെത്തിയ സഹോദരന് രജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്തതും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിച്ചതുമാണ് സജിയെ പ്രകോപിപ്പിച്ചത്. തര്‍ക്കം മൂത്തതോടെ രജിയെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് കസേരയില്‍ കെട്ടിയിട്ട ശേഷം പിന്നില്‍ നിന്ന് തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. വീടിനുള്ളില്‍ നടന്ന ഈ അതിക്രമം തടയാനെത്തിയ അമ്മ മേരിക്കുട്ടിക്കും രക്ഷയുണ്ടായില്ല.
തന്റെ കൃത്യത്തിന് തടസ്സം നിന്ന അമ്മയെ സജി മൃഗീയമായി മര്‍ദ്ദിച്ചു. മുഖത്തിടിയേറ്റു വീണ മേരിക്കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞടിപ്പിച്ചാണ് സജി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചു. പിറ്റേന്ന് നേരം പുലര്‍ന്നിട്ടും യാതൊരു ഭാവമാറ്റവുമില്ലാതെയായിരുന്നു സജിയുടെ പെരുമാറ്റം. മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വരാതിരിക്കാനും മൃഗങ്ങള്‍ കടിച്ചുകൊണ്ടു പോകാതിരിക്കാനും വിറകുപുരയില്‍ പച്ച നെറ്റും തുണിയും ഉപയോഗിച്ച് മൂടിവെച്ചു.
മൂന്നാം ദിവസം അര്‍ദ്ധരാത്രിയിലാണ് മൃതദേഹങ്ങള്‍ മറവു ചെയ്തത്. വീടിന് സമീപത്തെ ഏലം തോട്ടത്തില്‍ മുന്‍പ് ചാണകക്കുഴിയായി ഉപയോഗിച്ചിരുന്ന ഭാഗത്ത് വലിയ കുഴിയെടുത്തു. മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകുന്നതിനായി കുമ്മായം വാരി വിതറി. തെളിവ് നശിപ്പിക്കുന്നതില്‍ പുലര്‍ത്തിയ ഈ കൃത്യത സജിയുടെ ക്രിമിനല്‍ പശ്ചാത്തലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൃതദേഹം കുഴിച്ചുമൂടിയ ശേഷം ആ ഭാഗത്ത് ഏലച്ചെടികള്‍ വച്ചുപിടിപ്പിക്കാനും ഇയാള്‍ മറന്നില്ല.
കൊലപാതകത്തിന് ശേഷമുള്ള സജിയുടെ ജീവിതമായിരുന്നു ഏറെ വിചിത്രം. നാട്ടിലെ എല്ലാ ആഘോഷങ്ങളിലും സജി പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂവില്‍ നിന്നപ്പോഴും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുമ്പോഴും ഇയാള്‍ തികച്ചും സാധാരണക്കാരനായി അഭിനയിച്ചു. താന്‍ ഉടന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും എല്ലാവരും വരണമെന്നും പറഞ്ഞ് നാട്ടുകാരെ ക്ഷണിക്കുകയും ചെയ്തു. ഉള്ളില്‍ ഒളിപ്പിച്ച ക്രൂരത പുറംലോകം അറിയാതിരിക്കാന്‍ ഇയാള്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമങ്ങളായിരുന്നു ഇതെല്ലാം.
സജിയുടെ അസ്വാഭാവികമായ മാനസികാവസ്ഥ പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഒരു സാധാരണ കൊലപാതകിയുടേതിനേക്കാള് ഉപരിയായി, ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ‘സൈക്കോപാത്ത്’ സ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ഒരിക്കല്‍ പോലും ഇയാള്‍ക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അമ്മയുടെയും സഹോദരന്റെയും തിരോധാനത്തെക്കുറിച്ച് ചോദിച്ചവരോടൊക്കെ അവര്‍ എവിടെയോ പോയിരിക്കുകയാണെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയിരുന്നത്.
ഇരട്ടക്കൊലപാതകം പുറത്തായതോടെ സജിയുടെ അച്ഛന്റെ തിരോധാനവും ഇപ്പോള്‍ സംശയനിഴലിലായിരിക്കുകയാണ്. എട്ട് വര്‍ഷം മുന്‍പ് ഇതേ വീട്ടില്‍ നിന്ന് അപ്രത്യക്ഷനായ അച്ഛനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. അച്ഛന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ആ കേസ് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ലാത്തതിനാല്‍, സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പഴയ രഹസ്യങ്ങളും പുറത്തുവരുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രതീക്ഷ.
സജിയുടെ വീട്ടില്‍ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ രക്തക്കറയടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭിത്തിയില്‍ തലയിടിപ്പിച്ചപ്പോള് ഉണ്ടായ അടയാളങ്ങളും കുഴിച്ചുമൂടിയ സ്ഥലത്തെ മണ്ണിന്റെ മാറ്റവും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോര്‍ത്തും മറ്റ് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. വരും ദിവസങ്ങളില്‍ സജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള




