അഞ്ചരക്കണ്ടി കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം; നിതിന്‍ രാജിന്റെ മരണം: നീതി തേടി ദളിത് സംഘടനകളുടെ ഹര്‍ത്താല്‍; പലയിടത്തും പ്രതിഷേധം അക്രമാസക്തം

തിരുവനന്തപുരം/കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ഇരമ്പുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും അഞ്ചരക്കണ്ടി കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാനതല ഹര്‍ത്താലില്‍ പലയിടത്തും ജനജീവിതം തടസ്സപ്പെട്ടു. സമാധാനപരമായിരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നെങ്കിലും പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചതും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
തിരുവനന്തപുരം ജില്ലയില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ തമ്പാനൂരിലും നെടുമങ്ങാടും കണിയാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കണിയാപുരത്ത് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചത് യാത്രക്കാരെ വലച്ചു. നെടുമങ്ങാട് വാഹനങ്ങള്‍ തടഞ്ഞ പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് പാടുപെട്ടു.
നിതിന്‍ രാജിന്റെ ജന്മനാടായ കണ്ണൂരിലും പ്രതിഷേധം അണപൊട്ടി. കാല്‍ടെക്‌സ് ജംഗ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 15 മിനിറ്റോളം ഇവിടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കോട്ടയത്തും ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിച്ചത് വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി.
പ്രധാന ആവശ്യങ്ങള്‍:
  1. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക
  2. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനങ്ങള്‍ തടയാന്‍ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കുക
  3. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക
  4. നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക.
കാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക പീഡനങ്ങളുടെയും വിവേചനങ്ങളുടെയും ഒടുവിലത്തെ ഇരയാണ് നിതിന്‍ രാജെന്ന ആരോപണമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.