വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്കെതിരെ വ്യാജപ്രചാരണം; അവധി ചികിത്സയ്ക്കായി; സിറ്റിയുടെ ‘കരുതല്‍’ ഒപ്പം; കമ്മീഷണര്‍ കാര്‍ത്തിക്കിനെ കുറ്റം പറയുന്നവര്‍ അറിയാന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയെ പോലീസ് കമ്മീഷണര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമാകുന്നു. ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചത് ആരോഗ്യപരമായ കാരണങ്ങളാലാണെന്നും ഇതിനായി കൃത്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. സിഐ റാങ്കിലുള്ള വിപിന്‍ മാത്രമല്ല മറ്റ് ചില പോലീസുകാരും മെഡിക്കല്‍ അവധിയിലാണ്.
വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്ക് അവധി എടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നിര്‍ദ്ദേശിച്ചു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന വാര്‍ത്തകള്‍. എന്നാല്‍, ഡ്യൂട്ടിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം അവധി അപേക്ഷ നല്‍കിയത്. ശാരീരികമായ അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി കൃത്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളോ ശിക്ഷാ നടപടികളോ സ്വീകരിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കമ്മീഷണര്‍ കാര്‍ത്തികിനെ വിമര്‍ശിച്ച് എംഎല്‍എ പ്രശാന്ത് രംഗത്ത് വന്നിരുന്നു.
വട്ടിയൂര്‍ക്കാവ് കേസില്‍ ശ്രീലേഖയെ പ്രതിയാക്കിയ നടപടികളുമായി പോലീസ് മുന്നോട്ട് പോകുമ്പോള്‍ ഉദ്യോഗസ്ഥന് പൂര്‍ണ്ണ പിന്തുണയാണ് സേന നല്‍കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിറ്റി കമ്മീഷണര്‍ക്കും മറ്റ് പോലീസ് മേധാവിമാര്‍ക്കും ശ്രീലേഖ നന്ദി അറിയിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നോടൊപ്പം നിന്ന മേലുദ്യോഗസ്ഥരുടെ കരുതലാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. എസ് എച്ച് ഒയെ അവധി എടുപ്പിച്ചുവെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം എംഎല്‍എ കമ്മീഷണറെ വിമര്‍ശിച്ച് രംഗത്തു വന്നത്. എന്നാല്‍ ഇതില്‍ ഒരു കാര്യവുമില്ല.
ആലപ്പുഴ സ്വദേശിയായ ഈ ഉദ്യോഗസ്ഥന്റെ കുടുംബ പശ്ചാത്തലം സംബന്ധിച്ചും ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ആര്‍.എസ്.എസ് പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ പശ്ചാത്തലത്തെ കേസുമായോ സര്‍വീസ് കാര്യങ്ങളുമായോ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന വിലയിരുത്തലിലാണ് സഹപ്രവര്‍ത്തകര്‍. കഠിനാധ്വാനം കൊണ്ട് സേനയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് വട്ടിയൂര്‍ക്കാവ് എസ് എച്ച് ഒ.
ശ്രീലേഖയുടെ ഫെയ്‌സ് ബുക്ക് വാദങ്ങളെ മെഡിക്കല്‍ തെളിവുകള്‍ പ്രതിരോധിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പോകുന്ന ഒരാളെ നിര്‍ബന്ധിത അവധിയില്‍ അയച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത്. തിരുവനന്തപുരം പോലീസ് സേനയില്‍ മികച്ച റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനെതിരെ ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും ചികിത്സയ്ക്ക് ശേഷം അദ്ദേഹം തിരികെ സര്‍വീസില്‍ പ്രവേശിക്കുമെന്നുമാണ് ഔദ്യോഗിക വിവരം. വട്ടിയൂര്‍ക്കാവ് കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പോലീസ് തീരുമാനം.
നെട്ടയം മലമുകളില്‍ നരനായാട്ട് നടത്തിയ വട്ടിയൂര്‍ക്കാവ് എസ് എച്ച് ഒ വിപിനും എസ്‌ഐ ദീപുവിനുമെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച നടത്തിയ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍. ശ്രീലേഖയെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും പ്രതി ചേര്‍ത്ത് പോലീസ് നടപടിയും എടുത്തു. പോലീസിന്റെ പ്രത്യേക റിപ്പോര്‍ട്ട് നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കി.
കേസില്‍ ശ്രീലേഖ അഞ്ചാം പ്രതിയും ആശാനാഥ് ആറാം പ്രതിയുമാണ്. സംഘര്‍ഷം നടന്ന സമരം ഉദ്ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേര്‍ത്തിരുന്നില്ല. ”പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ” പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ് ശ്രീലേഖയെ കേസില്‍ പ്രതി ചേര്‍ത്ത് പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആര്‍ ശ്രീലേഖയുടെ പ്രതികരണം. മാര്‍ച്ചിനെതിരെ പോലീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ അക്രമം അഴിച്ചുവിട്ടിരുന്നു. വനിതാ പോലീസുകാരുടെ പിന്നില്‍ നിന്നും പുരുഷ പോലീസുകാര്‍ ലാത്തി ഉപയോഗിച്ച് വനിതകളെ ഉപദ്രവിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിതകള്‍ ചെ റുത്തു നിന്നതോടെ ജലപീരങ്കി പ്രയോഗത്തിലേക്ക് പോലീസ് നീങ്ങുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.