വയനാട് ടൗൺഷിപ്പ് വിവാദം: മന്ത്രിയെ കണ്ടില്ല, അവഗണനയെന്ന് വീട്ടുടമ; തനിക്ക് നേരെയുള്ള ഭീഷണിയിൽ പൊട്ടിക്കരഞ്ഞ് നൗഫൽ

വയനാട്: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയെന്ന പരാതിക്കിടെ, റവന്യൂ മന്ത്രി കെ. രാജൻ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ വേദന പങ്കുവെച്ച് വീട്ടുടമ നൗഫൽ. മന്ത്രി വീട് സന്ദർശിച്ചപ്പോൾ തന്നെക്കൂടി വിളിച്ച് സംസാരിക്കാമായിരുന്നുവെന്നും, എന്നാൽ താൻ തൊട്ടടുത്ത് ഉണ്ടായിട്ടും തന്നെ അവഗണിച്ചുവെന്നും നൗഫൽ പറയുന്നു.

മന്ത്രി എത്തിയപ്പോൾ താൻ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ പോലും തയ്യാറായില്ല. വീടിന്റെ ഉടമസ്ഥൻ ആരാണെന്ന് ചോദിക്കാൻ പോലും മന്ത്രി തയാറായില്ലെന്നും നൗഫൽ ആരോപിച്ചു.വിള്ളലുകൾ കണ്ടെത്തിയ സ്ഥലത്ത് താൻ മാർക്കർ കൊണ്ട് വരച്ചിട്ട അടയാളം മന്ത്രി മായ്ച്ചുകളഞ്ഞതിൽ വലിയ വിഷമമുണ്ട്. അവിടെ ചെറിയ ലീക്കേജ് ഉണ്ടെന്ന് പരിഹരിച്ചു തരാമെന്ന് പറയാമായിരുന്നു.വീടിന്റെ അപാകതകൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താൻ നേരിടുന്നത്.

 താൻ ഒരു ദുരന്തബാധിതനാണെന്ന കാര്യം പോലും മറന്നാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്ന് നൗഫൽ വികാരാധീനനായി പറയുന്നു. “16 പേരെ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാൻ. വാടകയ്ക്ക് ഓട്ടോ ഓടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്റെ പഴയ വീട് നഷ്ടപ്പെട്ട ശേഷമാണ് ടൗൺഷിപ്പിലെ വീട് സ്വീകരിച്ചത്. ആ പുതിയ വീടിൽ ഒരുദിവസം പോലും കിടന്നുറങ്ങാൻ  എനിക്ക് കഴിഞ്ഞിട്ടില്ല” – നൗഫൽ പറഞ്ഞു.   സംഭവത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഫോൺ വിളികൾ വരുന്നുണ്ടെന്ന് നൗഫൽ വെളിപ്പെടുത്തി. “നിന്നെ നോട്ട് ചെയ്തിട്ടുണ്ട്” എന്നൊക്കെയാണ് ഭീഷണി. പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ ഫോൺ വെച്ചു. ഭയമില്ലെന്നും എന്നാൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവർ താൻ കടന്നുപോയ ദുരന്തം കൂടി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല സംഘടനകളും വീട് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സർക്കാർ വീട് തരുമെന്നും അത് നല്ലതായിരിക്കുമെന്നും കരുതിയാണ് ടൗൺഷിപ്പിലെ വീട് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ഉണ്ടായ അനുഭവങ്ങൾ വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.