“അയാൾക്ക് എന്ത് അർഹത?” എറണാകുളം ഡിസിസി പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് എം.കെ. രാഘവൻ; കെപിസിസി പ്രസിഡന്റിനും വിമർശനം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷവിമർശനവുമായി എം.കെ. രാഘവൻ എംപി. മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണെന്നും ഈ വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് പാർട്ടിക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയും അദ്ദേഹം തുറന്നടിച്ചു.

 ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം ഡിസിസി പ്രസിഡന്റിന്റെ അപക്വമായ പ്രസ്താവനയാണെന്ന് രാഘവൻ ആരോപിച്ചു.മുഖ്യമന്ത്രി ചർച്ച ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണ്. അത്തരമൊരു പ്രസ്താവന നടത്താൻ ഷിയാസിന് എന്ത് അർഹതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.വി.ഡി. സതീശന്റെ അറിവോടെയാണോ ഈ പ്രസ്താവന വന്നതെന്ന് അറിയില്ലെന്നും സതീശൻ അത്തരം അബദ്ധങ്ങൾ പറയുന്ന ആളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡിന്റേതല്ലെന്നും കേരളത്തിലെ ചില നേതാക്കളുടെ ദുർവാശിയാണെന്നും രാഘവൻ വെളിപ്പെടുത്തി.തോൽക്കുന്ന സീറ്റുകളിൽ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ തന്നെയാണ് പിന്നീട് ഡൽഹിയിൽ പോയി എംപിമാർ മത്സരിക്കരുതെന്ന് വാശിപിടിച്ചത്. സമയം വരുമ്പോൾ ഇവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുത്തത് ഹൈക്കമാൻഡ് ആണെന്ന സണ്ണി ജോസഫിന്റെ പ്രസ്താവനയെ രാഘവൻ തള്ളി. “എന്ത് അറിഞ്ഞിട്ടാണ് അയാൾ അങ്ങനെ പറയുന്നത്” എന്ന് ചോദിച്ച രാഘവൻ, ഹൈക്കമാൻഡിന്റെ തലയിൽ ഇത്തരം കാര്യങ്ങൾ ഇടുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.കോൺഗ്രസ് പാർട്ടിക്ക് ഭരണപ്രതീക്ഷയുള്ള സമയത്ത് നേതാക്കൾ പരസ്യമായി പോരടിക്കുന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.