കൊച്ചി/മംഗലാപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മംഗലാപുരത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്ര രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുന്നു. മൂകാംബിക ക്ഷേത്ര ദർശനത്തിന്റെ മറവിൽ കർണാടകയിലെ എൻ.ഡി.എ നേതാക്കളുമായി സതീശൻ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യാത്രയിൽ സതീശനോടൊപ്പമുണ്ടായിരുന്നവരുടെ പശ്ചാത്തലം കൂടി വെളിപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.
മെയ് ഒന്നിനാണ് വി.ഡി. സതീശൻ കൊച്ചിയിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പറന്നത്. അവിടെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ പ്രമുഖ നേതാവും എം.എൽ.സിയുമായ ബി.എം. ഫറൂക്കിന്റെ വസതിയിലാണ് സതീശൻ എത്തിയത്. മുൻപ് കോൺഗ്രസിലായിരുന്ന ഫറൂഖും മുൻ എം.എൽ.എ മൊയ്തീൻ ബാബയും പങ്കെടുത്ത വിരുന്നിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം കൊഴുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അറിവില്ലാതെയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന.
സതീശന്റെ വിമാനയാത്രയിലെ സഹയാത്രികനെക്കുറിച്ചുള്ള വിവരങ്ങളാണ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്ത വ്യവസായി റെജി കുമാറും സതീശനോടൊപ്പം വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ‘സാഫ്രോൺ സ്ട്രോക്സ്’ (Saffron Strokes) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ സെക്യൂരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സാധാരണ വിമാന സർവീസുകൾ ലഭ്യമായിരിക്കെ എന്തിനാണ് ഇത്ര രഹസ്യമായി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന ചോദ്യം രാഷ്ട്രീയ എതിരാളികൾ ശക്തമാക്കിയിട്ടുണ്ട്. യാത്രയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും സംശയങ്ങൾ ഉയരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ ചർച്ചകൾ സജീവമായിരിക്കെ, സതീശൻ വിരുദ്ധ വിഭാഗം ഈ സന്ദർശനം ഹൈക്കമാൻഡിന് മുന്നിൽ ആയുധമാക്കാനാണ് നീക്കം. ഇതേക്കുറിച്ച് ഔദ്യോഗിക പരാതി എ.ഐ.സി.സിക്ക് ലഭിച്ചതായും വിവരമുണ്ട്.
മംഗലാപുരത്ത് എത്തിയ സതീശന് എൻ.ഡി.എ നേതാക്കൾ വിരുന്ന് നൽകിയതായും സൂചനയുണ്ട്. രാവിലെ 8.40-ന് എത്തിയ സതീശൻ വൈകിട്ട് അഞ്ചേകാലോടെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. ക്ഷേത്ര ദർശനത്തിന് വേണ്ടിയുള്ള സൗഹൃദ സന്ദർശനം മാത്രമാണിതെന്ന് സതീശനോടടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ മാനം കൈവന്നതോടെ വിശദീകരണം പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
ബി.ജെ.പി പിന്തുണയോടെ എം.എൽ.സിയായ ബി.എം. ഫറൂഖിനെയും കോൺഗ്രസ് വിട്ട് ജെ.ഡി.എസിലെത്തിയ മൊഹിയുദ്ദീനെയും കണ്ടത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിക്കുന്നു. എന്നാൽ, വിഷയത്തിൽ വി.ഡി. സതീശൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ വിവാദം യു.ഡി.എഫ് ക്യാമ്പിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബിജെപിക്ക് 20 ലക്ഷം പിഴയിട്ട റവന്യൂ ഓഫീസര്‍ തല്‍സ്ഥാനത്ത് നിന്ന് തെറിച്ചു; കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയുമായി മേയര്‍ രാജേഷ്





