വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്താതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ നേരിട്ടുള്ള യുദ്ധമില്ലെങ്കിലും ഇറാനെ സാമ്പത്തികമായി തളര്‍ത്തുന്ന ‘ബ്ലോക്കേഡ്’ (ഉപരോധം) ഫലപ്രദമായി തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ വ്യാപാരം പൂര്‍ണ്ണമായും നിലച്ച മട്ടാണെന്ന് ട്രംപ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സമയത്ത് ഇറാനുമായി ബിസിനസ് നടത്താന്‍ കപ്പലുകള്‍ വരുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമായിരുന്നില്ല. ഇപ്പോള്‍ ആ വഴിയിലുള്ള ഇറാന്റെ ബിസിനസ് ഇടപാടുകള്‍ പൂര്‍ണ്ണമായും തടയാന്‍ കഴിഞ്ഞിട്ടുണ്ട്. അത് അപ്രകാരം തന്നെ തുടരുമെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിനെ അമേരിക്കയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നതാണ് ട്രംപിന്റെ മറ്റൊരു പ്രധാന വാദം. അമേരിക്കയ്ക്ക് സ്വന്തമായി എണ്ണയും ഗ്യാസും ഉള്ളതിനാല്‍ ആ വഴി ഉപയോഗിക്കേണ്ടി വരുന്നില്ല. പകരം ലോകരാജ്യങ്ങളുടെ കപ്പലുകള്‍ അമേരിക്കയില്‍ നിന്ന് എണ്ണ കൊണ്ടുപോകാന്‍ ഇങ്ങോട്ടാണ് വരുന്നത്. ഇറാന്റെ എണ്ണ ഇറക്കുമതി നിലയ്ക്കുന്നത് ആഗോള വിപണിയെ ബാധിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്‍കുന്നത്.
ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ വാരന്ത്യത്തില്‍ പാകിസ്ഥാനില്‍ വെച്ച് നടന്ന ചര്‍ച്ചകളില്‍ പല കാര്യങ്ങളിലും ധാരണയായെങ്കിലും ആണവായുധ വിഷയത്തില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ‘ഇറാന്‍ ആണവായുധം ഉണ്ടാക്കില്ല, അത് ഞങ്ങള്‍ ഉറപ്പാക്കും. അവര്‍ക്ക് ഇതില്‍ യോജിക്കാന്‍ കഴിയില്ലെങ്കില്‍ ചര്‍ച്ചകളിലുമില്ല,’ ട്രംപ് നിലപാട് വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാന്‍ ഭരണകൂടത്തിന് വലിയ താല്പര്യമുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഒരു കരാറില്‍ എത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് രാവിലെ പോലും ‘അര്‍ഹരായ ആളുകളില്‍’ നിന്ന് ചര്‍ച്ചയ്ക്കായുള്ള ഫോണ്‍ വിളികള്‍ തനിക്ക് ലഭിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇറാന്‍ ഒടുവില്‍ സമാധാനത്തിന്റെ പാതയിലേക്ക് വരുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നാണ് ഇറാനെതിരെയുള്ള നാവിക ഉപരോധം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്. ഇറാന്റെ തീരങ്ങളിലേക്കും അവിടെ നിന്നുള്ളതുമായ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിരീക്ഷിക്കപ്പെടും. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും അടയ്ക്കുക എന്ന തന്ത്രമാണ് അമേരിക്ക പയറ്റുന്നത്.
അമേരിക്കയുടെ ഈ കടുത്ത നീക്കങ്ങളോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഉപരോധം കടുപ്പിച്ചതും മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു കരാറിലെത്താന്‍ ഇറാന്‍ നിര്‍ബന്ധിതരാകുമെന്ന വിശ്വാസത്തിലാണ് വൈറ്റ് ഹൗസ്.
‘ഇറാന്‍ ലോകത്തെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ്. ഞങ്ങള്‍ അതിന് വഴങ്ങില്ല. കരാറില്‍ ഒപ്പിടാന്‍ അവര്‍ക്ക് വലിയ ആഗ്രഹമുണ്ട്. എന്നാല്‍ ആണവായുധം ഉപേക്ഷിക്കാതെ യാതൊരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല.’
വരും ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമാകും. പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പാതിവഴിയില്‍ മുടങ്ങിയെങ്കിലും നയതന്ത്ര ചാനലുകള്‍ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു വശത്ത് സൈനിക സമ്മര്‍ദ്ദവും മറുവശത്ത് ചര്‍ച്ചയ്ക്കുള്ള വാതിലും തുറന്നിട്ടാണ് ട്രംപിന്റെ പടയോട്ടം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പശ്ചിമേഷ്യ യുദ്ധജ്വാലയില്‍; ഇറാന്റെ എണ്ണക്കണ്ണിയായ ഖാര്‍ഗ് ദ്വീപ് തകര്‍ത്ത് അമേരിക്ക; ഹോര്‍മൂസ് കടലിടുക്കില്‍ പ്രത്യാക്രമണ ഭീഷണി





