മടിക്കേരി: കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയ്ക്ക് (36) വിനയായത് വനംവകുപ്പിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചത്. കാട്ടാന ശല്യം രൂക്ഷമായ നിബിഡ വനമേഖലയായതിനാല്‍ ഒറ്റയ്ക്ക് പോകരുതെന്നും മറ്റ് സംഘങ്ങള്‍ക്കൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ട്രക്കിങ്ങിനിടെ ഒപ്പമുണ്ടായിരുന്ന പത്തംഗ സംഘത്തില്‍ നിന്ന് വേര്‍പെട്ട് ശരണ്യ ഒറ്റയ്ക്ക് മുന്നോട്ട് പോയതാണ് ദൗത്യം സങ്കീര്‍ണ്ണമാക്കിയത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കൊച്ചിയിലെ ഐടി ഉദ്യോഗസ്ഥയായ ശരണ്യ യാവകപ്പാടിയിലെ ഹോംസ്റ്റേയില്‍ നിന്ന് യാത്ര തുടങ്ങിയത്. തനിച്ച് വനത്തിലേക്ക് വിടാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് മറ്റൊരു പത്തംഗ സംഘത്തിനൊപ്പമാണ് ശരണ്യയെ അയച്ചത്. എന്നാല്‍ പാതിവഴിയില്‍ വെച്ച് ഈ സംഘത്തെ ഉപേക്ഷിച്ച് ശരണ്യ തനിച്ച് കാട്ടിനുള്ളിലേക്ക് നീങ്ങുകയായിരുന്നു. വൈകുന്നേരം സംഘം തിരിച്ചെത്തിയപ്പോഴാണ് ശരണ്യ കൂടെയില്ലെന്ന വിവരം പുറത്തറിയുന്നത്. ഹോംസ്റ്റേയില്‍ നിന്ന് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള തടിയന്‍ഡമോള്‍ മലനിരകളില്‍ മൂന്ന് ദിവസമായി തിരച്ചില്‍ തുടരുകയാണ്. പോലീസ്, വനംവകുപ്പ്, നക്സല്‍ വിരുദ്ധ സേന എന്നിവരടങ്ങിയ അറുപതംഗ സംഘമാണ് വനത്തിലുള്ളത്. കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുള്ള മേഖലയായതിനാല്‍ അതീവ ജാഗ്രതയോടെയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ഡ്രോണുകളും സ്നിഫര്‍ നായ്ക്കളും തിരച്ചിലിനുണ്ടെങ്കിലും നിബിഡ വനവും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തനിക്ക് വഴിതെറ്റിയെന്ന സന്ദേശം ശരണ്യ ഹോംസ്റ്റേ അധികൃതര്‍ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് ലൊക്കേഷന്‍ കണ്ടെത്താന്‍ തടസ്സമാകുന്നത്. സാധാരണ ഗതിയില്‍ വഴിതെറ്റിയാലും സഞ്ചാരികള്‍ പ്രധാന പാതയില്‍ തിരിച്ചെത്താറുള്ളതാണ്. എന്നാല്‍ മൂന്ന് ദിവസമായിട്ടും വിവരമൊന്നുമില്ലാത്തത് വനംവകുപ്പിനെയും പോലീസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
ശരണ്യ അപകടത്തില്‍പ്പെട്ടതാണോ അതോ വഴിതെറ്റി കാടിന്റെ മറ്റൊരു ഭാഗത്ത് എത്തിയതാണോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ രണ്ടിനാണ് ശരണ്യ കുടകിലെത്തിയത്. വനംവകുപ്പ് ചെക്ക്പോസ്റ്റില്‍ തിരിച്ചറിയല്‍ കാര്‍ഡും വിവരങ്ങളും നല്‍കിയിരുന്നെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് ഇപ്പോള്‍ വലിയൊരു തിരച്ചില്‍ ദൗത്യത്തിലേക്ക് നയിച്ചിരിക്കുന്നത്. ശരണ്യയുടെ ബന്ധുക്കള്‍ മടിക്കേരിയിലെത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 11-ന്; ഒരുക്കങ്ങൾ ആരംഭിച്ച് പൊതുഭരണ വകുപ്പ്





