മടിക്കേരി: കുടക് തടിയന്‍ടമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതാവുകയും നാലാം നാള് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം മുറുകുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐടി പ്രൊഫഷണലുമായ ജി.എസ്. ശരണ്യ (36) കാണാതായ സംഭവം പബ്ലിസിറ്റിക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നാരോപിച്ച് ബിജെപി പരാതി നല്‍കിയതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിനും ഉദ്യോഗസ്ഥരുടെ സമയം പാഴാക്കിയതിനും യുവതിയില്‍ നിന്ന് വലിയ തുക പിഴ ഈടാക്കാനും സാധ്യതയുണ്ട്.
നാലു ദിവസം കൊടുംകാട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഇത്രയധികം ഊര്‍ജ്ജസ്വലതയോടെ ഇരിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി കുടക് റൂറല്‍ യൂണിറ്റ് നാപ്പോക്ലു പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ യാതൊരു പോറലുമേല്‍ക്കാതെ ഒരാള്‍ ഇത്രയും ദിവസം കഴിഞ്ഞു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുടെ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദമില്ലാതെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ബിജെപി കുടകിലെ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ‘യുവതിയെ കണ്ടെത്തിയ സമയത്ത് സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ദുരൂഹത നീക്കാന്‍ എല്ലാ വശങ്ങളും പരിശോധിക്കും,’ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് തെളിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയ പണം ശരണ്യയില്‍ നിന്ന് ഈടാക്കാനാണ് നീക്കം.
യുവതിയുടെ അതിജീവന കഥയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത പ്രതിഷേധം ഉയരുകയാണ്. അരുവിയിലെ വെള്ളം മാത്രം കുടിച്ച് നാലു ദിവസം ആനത്താരകള്‍ നിറഞ്ഞ കാട്ടില്‍ പാറപ്പുറത്ത് ഇരുന്നുവെന്ന ശരണ്യയുടെ മൊഴി വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. നികുതിപ്പണം പാഴാക്കിയതിന് യുവതിക്കെതിരെ കേസെടുക്കണമെന്നും ജയിലിലടയ്ക്കണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.
ഏപ്രില്‍ 2-ന് 12 അംഗ സംഘത്തോടൊപ്പം മല കയറിയ ശരണ്യ തിരിച്ചിറങ്ങുന്നതിനിടെയാണ് കൂട്ടം തെറ്റിയത്. തുടര്‍ന്ന് ഏപ്രില്‍ 5-നാണ് നാട്ടുകാര്‍ ഇവരെ കണ്ടെത്തുന്നത്. ഈ ദിവസങ്ങളില്‍ വനത്തിനുള്ളില്‍ ശരണ്യ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ




