നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍ വെച്ച് ഒരു സി.പി.എം. നേതാവാണ് റെക്കോര്‍ഡ് ചെയ്തു; മൈക്ക് പെര്‍മിഷന്‍ എടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ണ്ണായക തെളിവ്; പേരാമ്പ്രയില്‍ സിപിഎം പ്രതിസ്ഥാനത്ത്; നടന്നത് വിദ്വേഷ പ്രചരണം തന്നെ

പേരാമ്പ്ര: വടകരയിലെ ‘കാഫിര്‍’ വിവാദത്തിന് പിന്നാലെ പേരാമ്പ്രയിലും വിദ്വേഷ പ്രചാരണമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തു വരുമ്പോള്‍ സിപിഎമ്മിനെ വെട്ടിലാക്കി തെളിവുകളും. ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍നിന്ന് ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന അനൗണ്‍സ്‌മെന്റ് പുറത്തുവന്നതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. വോട്ടുറപ്പിക്കാന്‍ ബി.ജെ.പി.യേക്കാള്‍ വലിയ വര്‍ഗീയ കാര്‍ഡാണ് സി.പി.എം. ഇറക്കുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ ആരോപിച്ചു. സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് ഈ നീക്കമെന്നും അവര്‍ കുറ്റപ്പെടുത്തി.
മൂന്നു ദിവസം മുന്‍പാണ് മണ്ഡലത്തില്‍ വിവാദ അനൗണ്‍സ്‌മെന്റ് മുഴങ്ങിയത്. ‘നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാര്‍ വീടുകള്‍ കയറി പറയുന്നു’ എന്നതായിരുന്നു റെക്കോര്‍ഡിംഗിലെ ഉള്ളടക്കം. നടുവണ്ണൂരിലെ സ്റ്റുഡിയോയില്‍ വെച്ച് ഒരു സി.പി.എം. നേതാവാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് യു.ഡി.എഫ്. പറയുന്നു. ആവളയിലെ മുണ്ടക്കണ്ടി സലീല്‍ എന്ന വ്യക്തി അനൗണ്‍സ്‌മെന്റ് വാഹനത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് ഗൂഢാലോചന പുറത്തായത്. ഇതോടെ മണ്ഡലത്തിലെ യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ സലീല്‍ താരമായി മാറി.
മൈക്ക് പെര്‍മിഷന്‍ എടുത്ത വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ യു.ഡി.എഫിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ വാഹനം തങ്ങളുടേതല്ലെന്ന് പറഞ്ഞ് കൈയൊഴിയാനാണ് സി.പി.എം. ശ്രമം. അതേസമയം, പ്രചാരണത്തില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്ന് ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു. ഡി.ജി.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍. ഇടാത്തതില്‍ യു.ഡി.എഫ്. പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
1980 മുതല്‍ ഇടതുപക്ഷത്തിന്റെ കോട്ടയായ പേരാമ്പ്രയില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 22,592 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ 19,085 വോട്ടിന്റെ ലീഡ് നേടിയത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പത്തില്‍ ആറ് പഞ്ചായത്തുകളും യു.ഡി.എഫ്. പിടിച്ചെടുത്തു. എണ്ണായിരത്തിലേറെ വോട്ടിന്റെ മുന്‍തൂക്കം നിലവില്‍ യു.ഡി.എഫിനുള്ള മണ്ഡലത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് വോട്ട് പിടിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പേരാമ്പ്രയുടെ മതനിരപേക്ഷ മനസ്സിനെ മുറിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു. വിദ്വേഷ പ്രചാരണം വഴി വോട്ട് പിടിക്കാനുള്ള നീക്കം പേരാമ്പ്രയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. വിവാദം കൊഴുത്തതോടെ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകള്‍ ഇപ്പോള്‍ പേരാമ്പ്രയിലേക്കാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.