വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ പുനരന്വേഷണം; വരുന്നത് ഷൗക്കത്തലിയെപ്പോലുള്ള കരുത്തര്‍, സി.പി.എം. ക്യാമ്പുകളില്‍ അങ്കലാപ്പ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരന്വേഷണം സി.പി.എം. കേന്ദ്രങ്ങളില്‍ വലിയ പരിഭ്രാന്തി പരത്തുന്നു. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഒതുക്കിത്തീര്‍ത്ത കേസിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെയുള്ള വിഴുപ്പലക്കലുകളില്‍ പാര്‍ട്ടി ഉന്നതരെ വിറപ്പിച്ച എസ്.പി. കെ.വി. ഷൗക്കത്തലിയെപ്പോലെ അതിശക്തനായ, വിട്ടുവീഴ്ചയില്ലാത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ ഈ പ്രത്യേക സംഘത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ അണിയറ നീക്കം.
പ്രത്യേക സംഘത്തെ നിയോഗിച്ച് കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ടെത്തി കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ, കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന അഞ്ച് വര്‍ഷത്തിനിടയില്‍ തെളിവുകളില്ലെന്ന് കാട്ടി പോലീസ് പൂഴ്ത്തിയതും അട്ടിമറിച്ചതുമായ വിവാദ കേസുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് നീക്കങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി കേസ് വീണ്ടും തുറക്കാന്‍ വിദ്ഗധ സംഘത്തെ നിയോഗിക്കുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് വടകരയെയും കേരളത്തെയും വര്‍ഗ്ഗീയമായി ചേരിതിരിക്കാന്‍ പോന്ന തരത്തില്‍ വിവാദ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ. ശൈലജയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശം യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ നിന്നാണ് വന്നതെന്നായിരുന്നു അന്ന് സി.പി.എമ്മിന്റെ പ്രധാന പ്രചാരണം. എന്നാല്‍ പിന്നീട് നടന്ന പോലീസ് അന്വേഷണത്തിലാണ് ഈ വ്യാജ സന്ദേശത്തിന്റെ ഉറവിടം പ്രമുഖ ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫോണും ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്നിവയുമാണെന്ന് വ്യക്തമായത്.
ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് 20 മാസത്തിലേറെ കഴിഞ്ഞിട്ടും അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവിടാതെ അന്വേഷണം അട്ടിമറിക്കുകയായിരുന്നു എന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്. പാര്‍ട്ടി സൈബര്‍ പോരാളികളും നേതാക്കളും കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വിചിത്ര വാദം ഉന്നയിച്ച് അന്ന് അന്വേഷണം അവസാനിപ്പിച്ചത്.
ശാസ്ത്രീയ തെളിവുകള്‍ നിലനില്‍ക്കെ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഷൗക്കത്തലിയെപ്പോലുള്ള ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ സി.പി.എമ്മിന്റെ സൈബര്‍ കൊട്ടാരങ്ങളുടെ അടിത്തറയിളകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഡി.വൈ.എഫ്.ഐ. നേതാവിലേക്ക് നീണ്ട അന്വേഷണം പാര്‍ട്ടിയിലെ ഏതെല്ലാം ഉന്നതരിലേക്കാണ് ചെന്നെത്തുക എന്ന ഭയമാണ് ഇപ്പോള്‍ സി.പി.എം. നെതൃത്വത്തെ അലട്ടുന്നത്.
നിരപരാധിയായ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച സന്ദേശം സമൂഹത്തില്‍ വലിയ തോതിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് വടകരയില്‍ വഴിവെച്ചത്. ഈ കൊടുംചതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കുറ്റവാളികളെയും ഇതിന് പിന്നിലെ വലിയ രാഷ്ട്രീയ ഗൂഢാലോചനയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന കടുത്ത നിലപാടിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വിവാദ സന്ദേശം ആര് സൃഷ്ടിച്ചുവെന്നത് കണ്ടെത്താന്‍ മുന്‍ പോലീസിന് സാധിച്ചിരുന്നില്ലെങ്കിലും പുതിയ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ അത് വലിയൊരു വെല്ലുവിളിയാകില്ല. വാട്സ്ആപ്പ്, ഫേസ്ബുക്ക് കമ്പനികളില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലങ്ങളും കൃത്യമായി അപഗ്രഥിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്താന്‍ സാധിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.