ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍: കൊടിമരത്തിന് തൊട്ടുമുകളിലൂടെ പറന്ന് ചിത്രീകരണം; അനുമതിയില്ലാത്ത ആകാശയാത്രയില്‍ സര്‍വ്വത്ര ദുരൂഹത

സന്നിധാനം: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നത് വന്‍ വിവാദമാകുന്നു. പവിത്രമായ സന്നിധാനത്തെ കൊടിമരത്തിന് വെറും അഞ്ച് മീറ്റര്‍ മാത്രം മുകളിലൂടെ ഹെലികോപ്റ്റര്‍ വട്ടം ചുറ്റുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്നലെ രാവിലെയാണ് സന്നിധാനത്തെ നിശബ്ദത ഭേദിച്ച് ഹെലികോപ്റ്ററിന്റെ ശബ്ദം മുഴങ്ങിയത്. ഇപ്പോള്‍ ക്ഷേത്രനട അടച്ചിട്ടിരിക്കുകയാണ്. തീര്‍ത്ഥാടന കാലമല്ല. സന്നിധാനത്തെ സ്വര്‍ണ്ണക്കൊടിമരത്തിന് തൊട്ടുമുകളിലൂടെ, അതായത് വെറും അഞ്ച് മീറ്റര്‍ അകലത്തില്‍ ഹെലികോപ്റ്റര്‍ കടന്നുപോയി. ഹെലികോപ്റ്ററിനുള്ളിലിരുന്നവര്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്രപരിസരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് താഴെനിന്നവര്‍ കണ്ടു. ആ സമയം മേല്‍ശാന്തിയും ഏതാനും ജീവനക്കാരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവരിലൊരാള്‍ മൊബൈല്‍ ഫോണില്‍ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും വിവാദമായതും.
ഹെലികോപ്റ്റര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരുടെ അനുമതിയോടെയാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സാധാരണഗതിയില്‍ സന്നിധാനത്തിന് മുകളിലൂടെ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ താഴ്ന്നുപറക്കാറില്ല. ദേവസ്വം ബോര്‍ഡിനോ പോലീസ് സുരക്ഷാ വിഭാഗത്തിനോ ഇങ്ങനെയൊരു യാത്രയെക്കുറിച്ച് മുന്‍കൂട്ടി അറിവോ അനുമതിയോ ഉണ്ടായിരുന്നില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളില്‍ വട്ടം ചുറ്റിയത്. കടല്‍ത്തീര സുരക്ഷാ ചുമതലയുള്ള കോസ്റ്റ് ഗാര്‍ഡ് എന്തിനാണ് മലമുകളിലെ വനമേഖലയിലുള്ള ശബരിമലയില്‍ വന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നതില്‍ ദുരൂഹതയേറുന്നു.
സംഭവം വിവാദമായതോടെ പ്രതിരോധ സേനയുടെ ഭാഗത്തുനിന്ന് വിശദീകരണം എത്തിയിട്ടുണ്ട്. പതിവ് സുരക്ഷാ പരിശോധനകളുടെയും നിരീക്ഷണത്തിന്റെയും ഭാഗമായാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നാണ് പ്രാഥമിക വിശദീകരണം. എന്നാല്‍, സുരക്ഷാ ചുമതലയുടെ ഭാഗമാണെങ്കില്‍പ്പോലും ക്ഷേത്രത്തിന് ഇത്രയും അടുത്തുകൂടി പറന്നത് എന്തിനാണെന്ന് വ്യക്തമല്ല.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണോ ഇതെന്ന് പരിശോധിക്കാന്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അന്വേഷണം നടത്തും. ക്ഷേത്ര ആചാരങ്ങളെ ബാധിക്കുന്ന തരത്തില്‍ താഴ്ന്നുപറന്നതും, അനുമതിയില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയതും അന്വേഷണ പരിധിയില്‍ വരും. വ്യോമയാന നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
തീര്‍ത്ഥാടകര്‍ ഇല്ലാത്ത സമയത്ത് സന്നിധാനത്തിന് മുകളില്‍ നടന്ന ഈ ‘ആകാശക്കളി’ ഭക്തര്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന നിലപാടിലാണ് ഭക്തസംഘടനകള്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.