തിരുവനന്തപുരം: മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്.
ശകലേശ്പുരിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ടിനിടെ സംഘർഷം; ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദ്ദനം, 7 പേർ അറസ്റ്റിൽ
വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മണ്ണന്തല പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി ഇടുക്കി ഉപ്പുതറ ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണ സംഘം അവിടെയെത്തിയാണ് ഗോവിന്ദൻ കുട്ടിയെ വലയിലാക്കിയത്.
മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് എസ് ഐമാരായ അനീഷ്, അനൂപ്, ഷാജിർ, സി പി ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
വിസ തട്ടിപ്പും ലഹരി ഇടപാടും; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി റിജു ഇബ്രാഹിംകുട്ടി പിടിയിൽ







