സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന്‍ യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിരന്തരം പൊതുവേദിയില്‍ അപമാനിക്കുന്ന ദിവാകരനെതിരെ അടിയന്തര അച്ചടക്ക നടപടി വേണമെന്ന് സിപിഎം നേതൃത്വം സിപിഐയോട് ആവശ്യപ്പെടും. ദിവാകരന്റെ പോക്ക് യുഡിഎഫ് പാളയത്തിലേക്കാണെന്ന ഉറച്ച വിലയിരുത്തലിലാണ് സിപിഎം കേന്ദ്രങ്ങള്‍.

പിണറായി വിജയന്റെ ‘മീന്‍കറി’ കഥ പറഞ്ഞ് ചിരിപ്പിച്ചതിന് പിന്നാലെ കേരളത്തില്‍ ഒരു ‘ചുക്കും ചുണ്ണാമ്പും’ ഇല്ലെന്ന കടുത്ത വിമര്‍ശനവുമായാണ് ദിവാകരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. യുവാക്കള്‍ നാടുവിടുന്നത് ഇവിടെ നിര്‍മ്മാണ മേഖലയോ ഫാക്ടറികളോ ഇല്ലാത്തതുകൊണ്ടാണെന്നും കാറോ ബൈക്കോ നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. വികസന മുന്നേറ്റം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേറ്റ കടുത്ത പ്രഹരമായാണ് ഈ പ്രസ്താവനയെ സിപിഎം കാണുന്നത്.

കോളേജ് കാലത്ത് ഒറോട്ടി കഴിച്ച് വിശപ്പടക്കിയ കഥ മുഖ്യമന്ത്രി പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ദിവാകരന്റെ ‘നെയ്മീന്‍’ പരിഹാസം. ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ പിണറായി ഊണ് കഴിക്കാതെ എഴുന്നേറ്റു പോയെന്നും പിറ്റേന്ന് പുലര്‍ച്ചെ നേതാക്കള്‍ നെയ്മീന്‍ വാങ്ങി എത്തിച്ചാണ് മുഖ്യമന്ത്രിയുടെ ദേഷ്യം മാറ്റിയതെന്നുമുള്ള വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വല്ലാതെ വെട്ടിലാക്കിയിരുന്നു. സര്‍ക്കാരിനെതിരെ ബോധപൂര്‍വ്വം പുകമറ സൃഷ്ടിക്കുന്ന ദിവാകരനെ ഇനിയും സഹിക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ദിവാകരന്‍ യുഡിഎഫുമായി ധാരണയിലെത്തിയെന്നും അതിന്റെ ഭാഗമാണ് ഈ പ്രകോപനങ്ങളെന്നുമാണ് സിപിഎം സംശയിക്കുന്നത്. മുന്നണി മര്യാദ ലംഘിക്കുന്ന നേതാവിനെതിരെ സിപിഐ നേതൃത്വം എന്ത് നടപടിയെടുക്കുമെന്നാണ് നിര്‍ണ്ണായകം. സിപിഐയിലെ മുതിര്‍ന്ന നേതാവാണ് ദിവാകരന്‍. മുന്‍ മന്ത്രിയും. സിപിഐയില്‍ ഔദ്യോഗിക വിഭാഗത്തിന് എതിരാണ് ദിവാകരന്‍. പ്രായ പരിധി കടന്നുവെന്ന് പറഞ്ഞ് ദിവാകരന് സിപിഐയിലെ സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരുന്നു.

സി. ദിവാകരനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിപിഐക്കുമേല്‍ സിപിഎം കടുത്ത സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, സിപിഐ സംസ്ഥാന നേതൃത്വത്തിനുള്ളിലും ഭിന്നത രൂക്ഷമാകുകയാണ്. സി. ദിവാകരന്റെ പ്രസ്താവനകള്‍ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നു എന്ന നിലപാടിലാണ് സിപിഐയിലെ ഔദ്യോഗിക പക്ഷം. സിപിഎം അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ ദിവാകരനെ തള്ളിക്കളയാനാണ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീക്കം.  മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സര്‍ക്കാരിന്റെ വികസന നയങ്ങളെ തള്ളിപ്പറയുന്നതും അംഗീകരിക്കാനാവില്ലെന്ന് സിപിഎം നേതൃത്വം സിപിഐയെ അറിയിച്ചിട്ടുണ്ട്. മുന്നണി മര്യാദ ലംഘിക്കുന്നവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

താന്‍ പറഞ്ഞത് വസ്തുതകളാണെന്നും ജനപക്ഷത്ത് നില്‍ക്കുന്നതുകൊണ്ടാണ് സത്യം വിളിച്ചുപറയുന്നതെന്നുമാണ് ദിവാകരന്റെ നിലപാട്. നടപടിയുണ്ടായാല്‍ അത് രാഷ്ട്രീയമായി നേരിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിരുവനന്തപുരത്തെ തന്റെ സ്വാധീനം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ദിവാകരന്‍ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടും നിലവിലുണ്ട്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന് പകരം, പരസ്യമായി ശാസിക്കാനോ അല്ലെങ്കില്‍ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനോ ആണ് സിപിഐ ആലോചിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.