ശ്വേത മേനോനെതിരെയുള്ള അശ്ലീലക്കേസ് ഹൈക്കോടതി റദ്ദാക്കി; സ്ത്രീശാക്തീകരണം എന്നാൽ സ്ത്രീകളെ വിശുദ്ധരാക്കലല്ലെന്ന് ഹൈക്കോടതി

കൊച്ചി: സാമ്പത്തിക നേട്ടത്തിനായി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ശ്വേത മേനോനെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ജസ്റ്റിസ് സി.എസ്. ഡയസ്, സമൂഹത്തിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി.
 സ്ത്രീശാക്തീകരണം എന്നതിനർത്ഥം സ്ത്രീകളെ വിശുദ്ധരാക്കുക എന്നതല്ല. മറിച്ച് അവരുടെ വ്യക്തിത്വത്തെയും അഭിലാഷങ്ങളെയും നേട്ടങ്ങളെയും അന്തസ്സോടെ അംഗീകരിക്കുക എന്നതാണ്. ഒരു സ്ത്രീയുടെ നേട്ടങ്ങളെക്കാളുപരി അവരുടെ പ്രതിച്ഛായയെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത് സമൂഹത്തിന്റെ ബൗദ്ധികമായ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നത്. യുക്തിപരമായി തോൽപ്പിക്കാൻ കഴിയാത്തപ്പോൾ സ്ത്രീകളെ സാമൂഹികമായി അധിക്ഷേപിക്കുന്നത് പിന്തിരിപ്പൻ സമൂഹത്തിന്റെ ലക്ഷണമാണ്.അപവാദം പ്രചരിപ്പിക്കുക, സ്വഭാവഹത്യ നടത്തുക, സദാചാര പോലീസിങ് തുടങ്ങിയ മാർഗ്ഗങ്ങൾ പുരോഗമന സമൂഹത്തിന് ചേർന്നതല്ല. ഒരാളെ വിലയിരുത്തേണ്ടത് അവരുടെ പ്രവൃത്തിയുടെയും സംഭാവനകളുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
തോപ്പുംപടി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ജെ.എം. കോടതി നിർദ്ദേശപ്രകാരമാണ് ശ്വേത മേനോനെതിരെ പോലീസ് കേസെടുത്തത്. സിനിമയിലെ അഭിനയത്തെ സാമ്പത്തിക നേട്ടത്തിനുള്ള അശ്ലീലമായി ചിത്രീകരിച്ചായിരുന്നു പരാതി. എന്നാൽ കലയെയും പ്രവൃത്തിയെയും സദാചാരക്കണ്ണിലൂടെ കണ്ട് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ കേസ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.