മോസ്കോ : വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ കടത്തുകയാണെന്ന് ആരോപിച്ച് യുഎസ് സൈന്യം വടക്കന്‍ അറ്റ്ലാന്റിക്കില്‍ വെച്ച് പിടിച്ചെടുത്ത റഷ്യന്‍ എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ട്. ‘മാരിനേര’ എന്ന റഷ്യന്‍ പതാകയുള്ള കപ്പലാണ് യുഎസ് തീരരക്ഷാസേന പിടിച്ചെടുത്തത്.
ആകെ 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 3 പേര് ഇന്ത്യാക്കാരാണ്. 17 പേര് യുക്രൈന് പൗരന്മാരും, 6 ജോര്‍ജിയക്കാരും 2 പേര് റഷ്യക്കാരുമാണ്. റഷ്യ ടുഡേ (RT) ആണ് ജീവനക്കാരുടെ വിവരം പുറത്തുവിട്ടത്. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ബുധനാഴ്ച വടക്കന്‍ അറ്റ്ലാന്റിക്കില്‍ വെച്ച് കപ്പല്‍ യുഎസ് നിയന്ത്രണത്തിലാക്കിയത്.
വെനസ്വേലയില്‍ നിന്നുള്ള എണ്ണക്കടത്തിന് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന ഉപരോധം ലംഘിച്ചുവെന്നാണ് ആരോപണം. കരീബിയന്‍ കടലില്‍ വെച്ച് സമാനമായ മറ്റൊരു കപ്പലും യുഎസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇറാനെ ‘ശിലായുഗത്തിലേക്ക്’ അയക്കും; കടുപ്പിച്ച് ട്രംപ്; ലോകവിപണിയില്‍ എണ്ണവില കുതിക്കുന്നു; ‘ഓപ്പറേഷന് എപിക് ഫ്യൂറി’ അവസാന ഘട്ടത്തില്‍
എന്നാല്‍ യുഎസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇത് വലിയ രാഷ്ട്രീയ-സൈനിക സംഘര്‍ഷത്തിന് വഴിവെക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്കി.
അതിനിടെ, വെനസ്വേലയില്‍ നിന്നുള്ള എണ്ണയുമായി യുഎസ് കമ്പനിയായ ഷെവ്റോണിന്റെ മൂന്ന് കപ്പലുകള്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. വെനസ്വേലയുടെ എണ്ണ തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കരുതെന്ന യുഎസ് ശാസന നിലനില്‍ക്കുന്നതിനിടെയാണിത്. 11 ടാങ്കറുകളാണ് ഷെവ്റോണ്‍ ഇതിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.


ഹോര്‍മുസ് അടച്ച് ഇറാന്, ബോംബിടുമെന്ന് ട്രംപ്; കപ്പലുകള്‍ക്ക് ‘ഇറാന് റിയാല്‍’ ടോള്‍; തകര്‍ക്കാന്‍ യു.എസ്. പടയൊരുക്കം; ലോകം എണ്ണപ്രതിസന്ധിയിലേക്ക്





