കാരക്കാസ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അതിസാഹസികമായ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ അമേരിക്കന്‍ സൈന്യം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വമ്പന്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് മഡുറോയുടെ അറസ്റ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുന്‍പ് അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്ക നടത്തിയ ‘ഓപ്പറേഷന് നെപ്റ്റിയൂണ്‍ സ്പിയറിന്’ സമാനമായ അതീവ രഹസ്യ നീക്കമാണ് വെനസ്വേലയിലും അരങ്ങേറിയത്.
കാരക്കാസിനെ നടുക്കി സ്ഫോടനങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ 1:50-ഓടെയാണ് വെനസ്വേലന്‍ തലസ്ഥാനം സ്ഫോടനങ്ങളാല്‍ വിറച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് ടിയോണ, ലാ കാര്‍ലോട്ട വ്യോമതാവളം തുടങ്ങി തന്ത്രപ്രധാനമായ ഏഴ് സൈനിക കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു. നഗരത്തില്‍ താഴ്ന്നുപറക്കുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പലും കനത്ത പുകപടലങ്ങളും ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു. ലാ കാര്‍ലോട്ട വിമാനത്താവളത്തിലെ ഹാങ്ങറുകളില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഡറോ ജീവനോടെയുണ്ടോ എന്ന ആശങ്കയും ശക്തമാണ്.
‘ദിനങ്ങള്‍ എണ്ണപ്പെട്ടു’ എന്ന് ട്രംപ് ‘അമേരിക്കന്‍ ഐക്യനാടുകള്‍ വെനസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വിജയകരമായി വന്‍തോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നു. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയിരിക്കുന്നു,’ എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. അമേരിക്കന്‍ നിയമപാലകരുമായി സഹകരിച്ചാണ് ഈ സൈനിക നീക്കം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മഡുറോയുടെ അധികാരം അവസാനിക്കാറായി എന്ന് ട്രംപ് നേരത്തെ നല്കിയ മുന്നറിയിപ്പ് ശരിവെക്കുന്നതായിരുന്നു ഈ നീക്കം.
എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് വഴിത്തിരിവായി രണ്ടാഴ്ച മുമ്പ് കരീബിയന്‍ കടലില്‍ വച്ച് വെനസ്വേലയുടെ കൂറ്റന്‍ എണ്ണ ടാങ്കര്‍ യുഎസ് നാവികസേന പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം പുതിയ തലത്തിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ ടാങ്കറായ ‘സ്കിപ്പര്‍’ കണ്ടുകെട്ടിയത് മഡുറോ ഭരണകൂടത്തെ സാമ്പത്തികമായി തളര്‍ത്താനുള്ള തന്ത്രമായിരുന്നു. ‘യു.എസ്.എസ്. ജെറാള്‍ഡ് ആര്. ഫോര്‍ഡ്’ എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്നെത്തിയ കമാന്‍ഡോകള്‍ ഹെലികോപ്റ്റര്‍ വഴി കപ്പലിലിറങ്ങിയാണ് നിയന്ത്രണം ഏറ്റെടുത്തത്. ഈ നീക്കം ഒരു ‘ടോട്ടല്‍ ബ്ലോക്കേഡിന്റെ’ ഭാഗമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.
ആഗോള വിപണിയിലും രാഷ്ട്രീയത്തിലും പ്രത്യാഘാതം ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണശേഖരമുള്ള വെനസ്വേലയില്‍ അമേരിക്ക നടത്തിയ ഈ കടന്നുകയറ്റം ആഗോള എണ്ണ വിപണിയെ വന്‍തോതില്‍ ബാധിക്കും. പ്രതിദിനം 7.49 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന വെനസ്വേലയുടെ പ്രധാന ഉപഭോക്താക്കളായ ചൈനയെയും റഷ്യയെയും അമേരിക്കയുടെ ഈ നടപടി പ്രകോപിപ്പിച്ചേക്കാം. ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തുന്ന ഈ നേരിട്ടുള്ള സൈനിക ഇടപെടല്‍ മറ്റൊരു വന്‍ യുദ്ധത്തിലേക്ക് വഴിതുറക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയുടെ എണ്ണ വ്യാപാരത്തെ തകര്‍ക്കുന്നത് ആഗോള വിപണിയിലും ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 7.49 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന വെനസ്വേലയുടെ പ്രധാന ഉപഭോക്താക്കളായ ചൈനയെയും അമേരിക്കയുടെ ഈ നീക്കം പ്രകോപിപ്പിച്ചേക്കാം എന്നും കരുതുന്നു. അമേരിക്കയിലേക്കും കാര്യമായ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് വെനസ്വേല. റഷ്യ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.


ദുബായ് വിമാനത്താവളം തുറന്നു; തിരുവനന്തപുരത്ത് കുടുങ്ങിയ യാത്രക്കാർ മടങ്ങി
മഡുറോ യുദ്ധക്കപ്പലില്‍ ന്യൂയോര്‍ക്കിലേക്ക്; സിനിമയെ വെല്ലുന്ന സൈനിക നീക്കം; മഡുറോ വീഴുമ്പോള്‍ മാറുന്നത് ലാറ്റിന്‍ അമേരിക്കയുടെ ചരിത്രം; എണ്ണ വിപണി മുതല്‍ യുഎന്‍ വരെ; മഡുറോയുടെ അറസ്റ്റ് മാറ്റിയെഴുതുന്നത് ആഗോള ക്രമം




