ആഴ്ചകള്‍ക്ക് മുമ്പ് കരീബിയന്‍ കടലില്‍ വെനസ്വേലന്‍ തീരത്തിന് സമീപം വച്ച് യുഎസ് കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് ഒരു ഭീമന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തെ സാമ്പത്തികമായി തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള അതിശക്തമായ ഒരു നീക്കമായാണ് അന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ആ ഉപരോധം ഇത്തരമൊരു വമ്പന്‍ സൈനിക ആക്രമണത്തിലേക്ക് (Surgical Strike) വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല.
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ മിന്നലാക്രമണം നടന്നിരിക്കുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും അതിസാഹസികമായ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ അമേരിക്കന്‍ സൈന്യം പിടികൂടിയെന്നാണ് വെളിപ്പെടുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വമ്പന്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് മഡുറോയുടെ അറസ്റ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുന്‍പ് അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്ക നടത്തിയ ‘ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയറിന്’ സമാനമായ അതീവ രഹസ്യ നീക്കമാണ് വെനസ്വേലയിലും അരങ്ങേറിയത്.
കരീബിയന്‍ മേഖലയില്‍ അമേരിക്ക ഒരു പൂര്‍ണ്ണ സൈനിക ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്കും അത് ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നതിലേക്കും ഈ നടപടികള്‍ കാരണമാകുമെന്ന് ലോകരാജ്യങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്ത് തടയുക എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപം അമേരിക്ക തങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒരു കൂറ്റന്‍ എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതോടെ മഡുറോ സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു ‘ടോട്ടല്‍ ബ്ലോക്കേഡ്’ ആണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വ്യക്തമായി. മേഖലയിലെ സമാധാനം വെനസ്വേലന്‍ സൈന്യത്തിന്റെ തിരിച്ചടിക്കനുസരിച്ചിരിക്കും എന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ശീതയുദ്ധം നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലായി മാറിയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അമേരിക്കയുടെ ഈ നാടകീയ നീക്കം.
ആകാശയാത്ര ഇനി കനല്‍വഴിയില്‍; വിമാന ഇന്ധനവിലയില്‍ 121 ശതമാനം വര്‍ദ്ധന; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുതിച്ചുയരും
രണ്ടാഴ്ച മുമ്പ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തങ്ങള്‍ പിടിച്ചെടുത്തത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ടാങ്കറുകളില്‍ ഒന്നാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസ് ഉപരോധങ്ങള്‍ ലംഘിച്ച് വെനസ്വേലയില്‍ നിന്നും ഇറാനില്‍ നിന്നും നിയമവിരുദ്ധമായി എണ്ണ കടത്താന്‍ ഉപയോഗിച്ചിരുന്ന കപ്പലാണിതെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അന്ന് സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ക്ക് പണം എത്തിക്കുന്ന വലിയൊരു കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു ഈ കപ്പലെന്നും അമേരിക്ക ആരോപിച്ചു. അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ്. ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍’ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുകളില്‍ എത്തിയ കമാന്‍ഡോകള്‍ സിനിമാ സ്‌റ്റൈലില്‍ കപ്പലിലേക്ക് വടത്തിലൂടെ ഇറങ്ങിയാണ് ടാങ്കറിന്റെ നിയന്ത്രണം കൈക്കലാക്കിയത്.
കപ്പലിലുണ്ടായിരുന്ന മുഴുവന്‍ എണ്ണയും അമേരിക്കന്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും അന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി കരീബിയന്‍ കടലില്‍ യുഎസ് സേന തമ്പടിച്ചിരുന്നെങ്കിലും ഇത്തരമൊരു നേരിട്ടുള്ള ഇടപെടല്‍ മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തിച്ചു. ‘വലിയൊരു കപ്പല്‍ ഞങ്ങള്‍ ഇപ്പോള്‍ പിടിച്ചെടുത്തു കഴിഞ്ഞു’ എന്ന ട്രംപിന്റെ വാക്കുകള്‍ വെനസ്വേലന്‍ ഭരണകൂടത്തിനുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു.
നിക്കോളാസ് മഡുറോയുടെ ഭരണകാലം അവസാനിക്കാറായി എന്ന് ട്രംപ് പരസ്യമായി പറഞ്ഞതോടെ, വെനസ്വേലയില്‍ ഒരു കരയുദ്ധത്തിന് (Ground War) അമേരിക്ക തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ‘അമേരിക്കന്‍ ഐക്യനാടുകള്‍ വെനസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വിജയകരമായി വന്‍തോതിലുള്ള സൈനിക പ്രഹരം നടത്തിയിരിക്കുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ഞങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി,’ എന്ന് ട്രംപ് പിന്നീട് ഔദ്യോഗികമായി പ്രസ്താവിച്ചു. യുഎസ് നിയമപാലകരുമായി ചേര്‍ന്ന് നടത്തിയ തികച്ചും ആസൂത്രിതമായ ഒരു സൈനിക നീക്കമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുലര്‍ച്ചെ 1:50-ഓടെയാണ് കാരക്കാസ് നഗരത്തെ ഞെട്ടിച്ചുകൊണ്ട് സ്‌ഫോടനങ്ങള്‍ തുടങ്ങിയത്. വെനസ്വേലന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് ടിയോണ, ലാ കാര്‍ലോട്ട വ്യോമതാവളം എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു. വിമാനങ്ങളുടെ കനത്ത ശബ്ദവും പുകപടലങ്ങളും ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങുകയും പലയിടത്തും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു.
പുലര്‍ച്ചെ 2 മണിയോടെ കാരക്കാസില്‍ തുടര്‍ച്ചയായി ഏഴ് സ്‌ഫോടനങ്ങള്‍ കേട്ടതായും യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറന്നതായും ദൃക്‌സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ആക്രമണം ആദ്യം ലക്ഷ്യം വെച്ചത് ഫോര്‍ട്ട് ടിയോണ സൈനിക താവളത്തെയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ സൈനിക താവളത്തിന്റെ ഹാങ്ങറില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതും ലാ കാര്‍ലോട്ട വിമാനത്താവളത്തിന് സമീപം സ്‌ഫോടനങ്ങള്‍ നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.







