സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും 30 മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു; അമിത ആത്മവിശ്വാസം അപകടമായി; മുണ്ടത്തിക്കോട് വെടിമരുന്ന് സൂക്ഷിച്ചത് അലക്ഷ്യമായി; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം മനുഷ്യനിര്‍മ്മിതം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ ദുരന്തത്തിന് പിന്നില്‍ തൊഴിലാളികളുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമെന്ന് സൂചന. വര്‍ഷങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ചിലര്‍ക്കുണ്ടാകുന്ന അമിത ആത്മവിശ്വാസം വെടിമരുന്ന് സാമഗ്രികള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്‌നിശമന ഉപകരണങ്ങളോ വെള്ളമോ അപകടസമയത്ത് ലഭ്യമായിരുന്നില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും 30 മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി കൂട്ടിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. വെടിക്കെട്ട് പുരകളില്‍ വന്‍തോതില്‍ കരിമരുന്ന് ശേഖരിക്കുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കലക്ടറുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൃത്യമായ അനുമതിയുള്ള ലൈസന്‍സ്ഡ് ഫാക്ടറി ഷെഡുകളില്‍ മാത്രമേ നിര്‍മ്മാണവും മിശ്രിതം തയ്യാറാക്കലും നടത്താവൂ എന്നാണ് ചട്ടം. എന്നാല്‍ മുണ്ടത്തിക്കോട്ടെ ദുരന്തഭൂമിയില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയതായാണ് പ്രാഥമിക നിഗമനം.
ഓരോ ഷെഡിലും എത്ര തൊഴിലാളികള്‍ ഉണ്ടാകണം, എത്ര അളവ് വെടിമരുന്ന് മിശ്രിതം ഉപയോഗിക്കാം എന്നതിനെല്ലാം കൃത്യമായ ചട്ടങ്ങളുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, കാര്‍ബണ്‍ എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്താണ് സാധാരണ വെടിമരുന്ന് നിര്‍മ്മിക്കുന്നത്. ഇത് തയ്യാറാക്കിയ ശേഷം അശ്രദ്ധമായി കൂട്ടിയിടുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. മരുന്ന് കൂട്ടുന്ന പുരയും നിര്‍മ്മാണശാലയും ഇവ സൂക്ഷിക്കുന്ന മാഗസിനും തമ്മില്‍ നിശ്ചിത ദൂരം വേണമെന്ന നിയമവും പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്.
നിരോധിത വെടിമരുന്നുകളുടെ ഉപയോഗമാണ് മറ്റൊരു പ്രധാന വില്ലന്‍. അമിട്ടുകള്‍ക്ക് നിറവും വെളിച്ചവും കൂട്ടാനായി പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ള നിരോധിത ക്ലോറേറ്റുകള്‍ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. 1992-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഈ രാസവസ്തുക്കള്‍ സള്‍ഫറുമായി ചേര്‍ന്നാല്‍ അതിവേഗം തീപിടിക്കുന്നതാണ്. ലാഭക്കൊതിക്കായി ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വെടിക്കെട്ട് പുരകള്‍ക്ക് ചുറ്റുമുള്ള പുല്ലും കാടും വെട്ടിമാറ്റണമെന്നും പുകവലി, പാചകം എന്നിവ പരിസരത്ത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിയമമുണ്ട്. ലോഹ ഉപകരണങ്ങള്‍ തമ്മിലുള്ള ചെറിയ ഉരസല്‍ പോലും വന്‍ സ്‌ഫോടനത്തിന് കാരണമാവാം. കനത്ത ചൂടും കാറ്റുമുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയൊരു തീപ്പൊരി പോലും നിമിഷങ്ങള്‍ക്കകം ദുരന്തമായി മാറുമെന്ന് അഗ്‌നിരക്ഷാ സേന മുന്നറിയിപ്പ് നല്‍കുന്നു.
ഷെഡുകള്‍ തമ്മില്‍ കുറഞ്ഞത് 18 മീറ്റര്‍ അകലം വേണമെന്നും മിക്‌സിങ് ഷെഡ്ഡില്‍ ഒരേസമയം രണ്ടുപേരില്‍ കൂടുതല്‍ ജോലി ചെയ്യരുതെന്നുമുള്ള സുപ്രധാന നിയമവും മുണ്ടത്തിക്കോട് പാലിക്കപ്പെട്ടില്ലെന്ന് കരുതപ്പെടുന്നു. കൂട്ടംകൂടിയിരുന്ന് ജോലി ചെയ്യുന്നത് അപകടമുണ്ടായാല്‍ മരണസംഖ്യ ഉയരാന്‍ കാരണമാകുന്നു. മുണ്ടത്തിക്കോട് സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പ്ലോസീവ് വിഭാഗവും പോലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതോടെ സുരക്ഷാ വീഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.