തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നിലെ ദുരൂഹതകളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവരാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അപകടകാരണം കണ്ടെത്തുക എന്നതിനൊപ്പം നിര്‍മ്മാണ ശാലയില്‍ നടന്ന ഗുരുതരമായ ചട്ടലംഘനങ്ങളെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തും. നിലവില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്താനായി നടത്തുന്ന തിരച്ചിലിന് പ്രഥമ പരിഗണന നല്‍കുന്നതായും പിന്നാലെ കൃത്യമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ദുരന്തഭൂമിയിലെ ഓരോ മണ്‍തരിയും പരിശോധിക്കുന്നത് അതീവ ജാഗ്രതയോടെയാണ്. പരിശോധന പുരോഗമിക്കുന്നതിനിടയിലും തകര്‍ന്നു വീണ ഷെഡ്ഡുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തീ ആളിപ്പടരുന്നതും പുകയുയരുന്നതും ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും മറ്റൊരു സ്‌ഫോടനത്തിന് കാരണമായേക്കാമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഫയര്‍ഫോഴ്‌സും പോലീസും അതീവ ജാഗ്രതയിലാണ് തെളിവ് ശേഖരണം നടത്തുന്നത്.
നിര്‍മ്മാണശാലയില്‍ നിയമവിരുദ്ധമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. പൊട്ടിത്തെറിയുടെ തീവ്രതയും ആകാശത്തേക്ക് ഉയര്‍ന്ന തീഗോളവും സൂചിപ്പിക്കുന്നത് നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യമാണ്. 1992-ല്‍ സര്‍ക്കാര്‍ നിരോധിച്ച പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള മാരക രാസവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നോ എന്ന് ഫോറന്‍സിക് പരിശോധനയിലൂടെ ഉറപ്പിക്കാനാണ് പോലീസിന്റെ നീക്കം.
വെടിക്കെട്ട് പുരയിലെ സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയോ എന്നതും അന്വേഷണ പരിധിയിലുണ്ട്. വെടിമരുന്ന് മിശ്രിതം തയ്യാറാക്കുന്ന ഷെഡ്ഡുകള്‍ തമ്മിലുള്ള അകലം, തൊഴിലാളികളുടെ എണ്ണം, നിര്‍മ്മാണശാലയിലെ അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവയെല്ലാം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും മുപ്പത് മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി സൂക്ഷിച്ചതായി കണ്ടെത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.
ഫോറന്‍സിക് സംഘം അപകടസ്ഥലത്തുനിന്ന് വെടിക്കോപ്പുകളുടെയും വെടിമരുന്നിന്റെയും അവശിഷ്ടങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഈ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയക്കുന്നതോടെ സ്‌ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചും കാരണമായ രാസവസ്തുവിനെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കും. നിര്‍മ്മാണശാലയുടെ ലൈസന്‍സ് പരിധിക്കപ്പുറം സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചിരുന്നോ എന്ന കാര്യത്തില്‍ എക്‌സ്‌പ്ലോസീവ് വിഭാഗവും സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്.
തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ അതോ ശാസ്ത്രീയമായ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചതെന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. വര്‍ഷങ്ങളായി ഈ പണി ചെയ്യുന്ന തൊഴിലാളികളുടെ അമിത ആത്മവിശ്വാസം സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കാന്‍ കാരണമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. സ്‌ഫോടനം നടന്ന സമയത്ത് നിര്‍മ്മാണശാലയിലുണ്ടായിരുന്നവരുടെ കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കാണാതായവരുടെ എണ്ണത്തിലുള്ള അവ്യക്തത അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്. 32-ഓളം മനുഷ്യാവശിഷ്ടങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചിതറിത്തെറിച്ച മാംസഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ മാത്രമേ എത്രപേര്‍ ഈ ദുരന്തത്തിന് ഇരയായി എന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. സൈറ്റില്‍ ജോലി ചെയ്തിരുന്നവരുടെ പട്ടിക പരിശോധിച്ചു വരികയാണ്.
നിര്‍മ്മാണശാലയുടെ ഉടമയ്ക്കും കരാറുകാരനും എതിരെ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ലംഘിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അലംഭാവം കാണിച്ചവര്‍ക്കെതിരെ നരഹത്യയ്ക്ക് സമാനമായ കുറ്റങ്ങള്‍ ചുമത്തിയേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമോ? കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരും; പോലീസില്‍ അഴിച്ചു പണിക്കാലം; തെക്കന്‍ കേരളത്തിലെ ഒരാള്‍ക്കായി സാമുദായിക സമ്മര്‍ദ്ദവും





