കോഴിക്കോട്: വടകരയില്‍ വന്‍ പ്രതിഷേധത്തിനും കോളിളക്കത്തിനും വഴിവെച്ച എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ സ്‌പെഷ്യല്‍ അധ്യാപികമാരായ കാവ്യ, കീര്‍ത്തന എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പേരാമ്പ്ര ബി.ആര്‍.സി.യിലെ അധ്യാപികമാരായ ഇരുവരും കോഴിക്കോട് റൂറല്‍ പോലീസിന്റെയും ഡാന്‍സാഫ് സ്‌ക്വാഡിന്റെയും ‘ഓപ്പറേഷന്‍ തൂഫാന്‍’ അന്വേഷണത്തിന്റെ ഭാഗമായാണ് പിടിയാലായത്. ലഹരി ശൃംഖലയിലെ വന്‍തോക്കുകളുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെ, ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വടകര ആവിക്കല്‍ ബീച്ച് സ്വദേശിയായ സഫ്വാന്‍ എന്ന യുവാവിനെ രണ്ടു ഗ്രാം എം.ഡി.എം.എ.യുമായി വടകര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വന്‍ ലഹരി ശൃംഖലയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. സഫ്വാനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് വാങ്ങാനായി മുന്‍ കായിക അധ്യാപിക കൂടിയായ കെ.സി. കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ നിരവധിയാളുകള്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയതായി കണ്ടെത്തി. ജൂലൈ 11-നാണ് ‘ലേഡി ഡോണ്‍’ എന്നറിയപ്പെട്ടിരുന്ന കീര്‍ത്തനയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കീര്‍ത്തനയുടെ മൊഴിയില്‍ കാവ്യ കുടുങ്ങി: കീര്‍ത്തന നല്‍കിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തും ബി.ആര്‍.സി.യിലെ സ്‌പെഷ്യല്‍ എജുക്കേറ്ററുമായ കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് സ്വദേശി കെ. കാവ്യയെ (29) പോലീസ് പിടികൂടിയത്. വടകര കൊല്ലനാരി സ്വദേശിയായ കാവ്യ നിലവില്‍ ബാലുശ്ശേരിയിലാണ് താമസം. സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ തെളിവുകള്‍ മുന്നില്‍വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കാവ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
അന്വേഷണ ഏജന്‍സികളുടെയും പോലീസിന്റെയും സംശയം ഒഴിവാക്കാന്‍ ലഹരി മാഫിയ അധ്യാപികമാരെ സാമ്പത്തിക ഇടനിലക്കാരാക്കുന്ന ‘മണി മ്യൂള്‍’ തന്ത്രമാണ് ഉപയോഗിച്ചത്. ലഹരി ആവശ്യപ്പെടുന്നവരില്‍ നിന്ന് നേരിട്ട് പണം വാങ്ങുന്നതിന് പകരം കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് 2000 രൂപ വീതം കൈമാറാന്‍ ആവശ്യപ്പെടുന്നു. അക്കൗണ്ടില്‍ പണം ലഭിച്ചതായി ഉറപ്പായാല്‍ ലഹരിമരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ ഫോണിലൂടെ ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കും. കീര്‍ത്തനയുടെ അക്കൗണ്ടില്‍ തുക കുമിഞ്ഞുകൂടുമ്പോള്‍ അത് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു രീതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
മൊത്ത വിതരണക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്കും നേരിട്ട് പണമെത്തിയിരുന്നു. വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ ഒട്ടനവധി യുവാക്കളും വിദ്യാര്‍ത്ഥികളും ഇവരില്‍ നിന്ന് ലഹരി കൈപ്പറ്റിയതായാണ് പോലീസ് നിഗമനം. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തനയെ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഭിന്നശേഷിക്കുട്ടികളുടെ പരിശീലകയായ കാവ്യയെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോഴിക്കോട് റൂറല്‍ എസ്.പി. മെറിന്‍ ജോസഫിന്റെ മേല്‍നോട്ടത്തില്‍ വടകര ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ ലഹരി ശൃംഖലയില്‍ കൂടുതല്‍ സ്ത്രീകളോ അധ്യാപകരോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഇവര്‍ക്ക് എം.ഡി.എം.എ. എത്തിച്ചുനല്‍കിയ പ്രധാന കണ്ണികളെ കണ്ടെത്താനും പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജിമ്മില്‍ നിന്നും വന്നപ്പോള്‍ ചോറു വിളമ്പി കൊടുക്കാന്‍ വൈകി; കിടപ്പുമുറിയില്‍ കൊണ്ടു കൊടുത്തപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; ദേഷ്യത്തിന് പട്ടിക്കും പൂച്ചയ്ക്കും കൊടുത്ത ഭാര്യ; കുപതിനായ ജിമ്മന്‍ സൈക്കോയായി! ഭാര്യയുടെ ശരീരത്തില്‍ തിളച്ച പാലഭിഷേകം; ആര്യാനാട്ടെ കോപം ജയിലില്‍





