‘വലതുപക്ഷ വ്യതിയാനം…്’ എന്ന ഒറ്റവാക്കില്‍ സുരേഷ് കുറിച്ച എഫ് ബി കുറിപ്പില്‍ ചര്‍ച്ചകളില്‍; വിഎസിന്റെ വിശ്വസ്തന്‍ പാലക്കാട്ടോ മലമ്പുഴയിലോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ? കേരളം വലത്തേക്ക് മറിഞ്ഞെന്ന നിരീക്ഷണത്തിന് പല അര്‍ത്ഥ തലം; സുരേഷും ‘വിസ്മയം’ ആകുമോ?

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടത് ക്യാമ്പുകളില്‍ മുനവെച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു.
‘വലതുപക്ഷ വ്യതിയാനം…’ എന്ന ഒറ്റവാക്കില്‍ സുരേഷ് കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പ് വെറുമൊരു പോസ്റ്റല്ല, വരാനിരിക്കുന്ന രാഷ്ട്രീയ മലക്കംമറിച്ചിലിന്റെ പ്രഖ്യാപനമാണെന്നാണ് അണിയറ സംസാരം. വി.എസിന്റെ വിയോഗത്തില്‍ ‘അനാഥനായി’ എന്ന് പരിതപിച്ചതിന് തൊട്ടുപിന്നാലെ സുരേഷ് നടത്തിയ ഈ ചുവടുമാറ്റം സഖാക്കള്‍ക്കിടയില്‍ അമ്പരപ്പും നേതൃത്വത്തില്‍ അമര്‍ഷവും പടര്‍ത്തിയിട്ടുണ്ട്. സുരേഷ് കോണ്‍ഗ്രസിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
സുരേഷിന്റെ പോസ്റ്റിന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രധാനമായും രണ്ട് അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. ഒന്ന്, അദ്ദേഹം ഉടന്‍ തന്നെ കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറുമെന്നതാണ്.  മാധ്യമങ്ങള്‍ മുന്‍പേ ഉയര്‍ത്തിയ ഈ അഭ്യൂഹങ്ങള്‍ക്ക് അടിവരയിടുന്നതാണ് സുരേഷിന്റെ പുതിയ പോസ്റ്റ് എന്നാണ് വിലയിരുത്തല്‍. രണ്ട്, കേരളത്തിലെ രാഷ്ട്രീയ കാറ്റ് ‘വലത്തോട്ട്’ അഥവാ യു.ഡി.എഫ് അനുകൂലമായി വീശുന്നു എന്ന പ്രവചനം. വി.എസിന്റെ വിശ്വസ്തനായിരുന്ന ഒരാള്‍ ഇത്തരമൊരു സൂചന നല്‍കുന്നത് പാലക്കാട്, മലമ്പുഴ മേഖലകളിലെ വി.എസ് അനുഭാവികളെ സ്വാധീനിച്ചേക്കുമെന്ന് സി.പി.എം ഭയക്കുന്നു.
2002 മുതല്‍ വി.എസിനൊപ്പം നിഴലായിരുന്ന സുരേഷ്, 2008-ല്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി എന്ന കുറ്റത്തിന് സി.പി.എമ്മിന് പുറത്തായതാണ്. പിണറായി വിജയനും വി.എസും തമ്മിലുണ്ടായിരുന്ന പോര് രൂക്ഷമായ കാലത്ത് ഔദ്യോഗിക പക്ഷത്തിന്റെ പ്രധാന ഇരയായിരുന്നു സുരേഷ്. വി.എസ് അവസാന ശ്വാസം വരെ പാര്‍ട്ടിയില്‍ തുടര്‍ന്നപ്പോഴും, അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്നിട്ടും സുരേഷിനെ തിരികെ എടുക്കാന്‍ നേതൃത്വം തയ്യാറായിരുന്നില്ല. ഈ പകയും അവഗണനയുമാണ് തിരഞ്ഞെടുപ്പ് കാലത്ത് സുരേഷിനെ ‘വലത്തോട്ട്’ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
പാലക്കാട്ടെ രാഷ്ട്രീയ പരിസരത്ത് സുരേഷിന്റെ നീക്കം ഇടതുപക്ഷത്തിന് തലവേദനയാകും. വി.എസിന് വേണ്ടി അടിത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ നിര സുരേഷുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. സുരേഷ് കോണ്‍ഗ്രസിലേക്ക് നീങ്ങിയാല്‍ അത് ഇടതുമുന്നണിയുടെ വോട്ട് വിഹിതത്തില്‍ വിള്ളലുണ്ടാക്കും. ഫെഡറലിസം അട്ടിമറിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ സി.പി.എം തയ്യാറെടുക്കുമ്പോള്‍, സ്വന്തം പാളയത്തിലുണ്ടായിരുന്നവര്‍ ‘വലത്തോട്ട്’ നീങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിരോധത്തിന്റെ മുനയൊടിക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.