എസ്.എസ്. ലാലിനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞതില്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ വാക്കും ഫലം കണ്ടില്ല; ശിവഗിരിയുടെ അതൃപ്തിക്ക് കാരണം വര്‍ക്കലയിലേയും കോന്നിയിലേയും സ്ഥാനാര്‍ത്ഥി അഭ്യൂഹങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, ഡോ. എസ്.എസ്. ലാല്‍ എന്നിവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതിലാണ് മഠത്തിന് വലിയ അതൃപ്തിയുള്ളത്. ഇവരെ സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്ന് മഠത്തിലെ ഉന്നത കേന്ദ്രങ്ങള്‍ നേരിട്ട് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടാകാത്തതാണ് മഠത്തെ ചൊടിപ്പിച്ചത്.
അടൂര്‍ പ്രകാശിനെ കോന്നിയിലും എസ് എസ് ലാലിനെ വര്‍ക്കലയിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ശിവഗിരി മഠത്തിലെ ചിലരുടെ താല്‍പ്പര്യം. കെ സുധാകരന്  സീറ്റ് കിട്ടുമെന്നും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടാകില്ലെന്നാണ് സൂചന. എംപിമാരായ അടൂര്‍ പ്രകാശിനും കെ സുധാകരനും മത്സരിക്കാന്‍ അനുമതി കിട്ടിയിട്ടില്ല. സുധാകരന്‍ കലാപത്തിലാണ്. അടൂര്‍ പ്രകാശം പ്രതിഷേധം അറിയിച്ചു. വര്‍ക്കലയില്‍ വര്‍ക്കല കഹാറിനെയാണ് പരിഗണിക്കുന്നത്. ഈ കോണ്‍ഗ്രസ് നീക്കമാണ് ശിവഗിരിയെ പ്രകോപിപ്പിക്കുന്നത്. ഇതാണ് മഠാധിപതിയുടെ വാക്കുകളിലും ഉള്ളത്.
കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും തോല്‍ക്കുന്ന സീറ്റുകള്‍ മാത്രമാണ് നല്‍കുന്നതെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും കാലത്ത് എല്ലാ സമുദായങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസില്‍ ഒരു ഈഴവ എം.എല്‍.എ. മാത്രമാണുള്ളത്. ജയിക്കുന്ന മണ്ഡലങ്ങളില്‍ ഈഴവ, ധീവര, വിശ്വകര്‍മ, എസ്.സി.-എസ്.ടി. വിഭാഗങ്ങള്‍ക്ക് മതിയായ പ്രതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്കെതിരെയും സ്വാമി വിമര്‍ശനം ഉന്നയിച്ചു. നിലവിലെ മന്ത്രിസഭയില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട 10 മന്ത്രിമാരുണ്ടെന്നും പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടെ പിന്നാക്കക്കാരുടെ സര്‍ക്കാര്‍ നിയമനം ബാലികേറാമലയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധിപേര്‍ മഠത്തെ സമീപിക്കുന്നുണ്ടെന്നും ഇതില്‍ സസൂക്ഷ്മമായ പഠനം നടത്തിയ ശേഷമാണ് പരസ്യ പ്രതികരണത്തിന് മുതിരുന്നതെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.