ശബരിമലയില്‍ പിണറായിയുടെ വിശ്വസ്തനും കുടുങ്ങും; പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? മരാമത്ത് വിഭാഗത്തെ അറിയിക്കാതെ ശ്രീകോവിലില്‍ ‘കള്ളക്കളി’; ദ്വാരപാലക ശില്പങ്ങള്‍ ഇളക്കിമാറ്റിയത് ഹൈക്കോടതിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി; സന്നിധാനത്തെ സ്വര്‍ണ്ണക്കൊള്ളയില്‍ പുതിയ എഫ്‌ഐആര്‍ വരുമോ?

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീളുന്നു. ശ്രീകോവിലിന്റെ അതീവ സുരക്ഷയുള്ള ഭാഗങ്ങള്‍ ഇളക്കിമാറ്റിയതില്‍ ദേവസ്വം മരാമത്ത് വിഭാഗത്തെപ്പോലും അറിയിക്കാതെ നടത്തിയ ഗൂഢനീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ ഈ നീക്കത്തില്‍ പ്രശാന്തിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
ശ്രീകോവിലിനുള്ളിലെ പ്രധാന ഭാഗങ്ങള്‍ മാറ്റുമ്പോഴോ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴോ മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തം നിര്‍ബന്ധമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7-ന് ദ്വാരപാലക ശില്പങ്ങളുടെ ഭാഗങ്ങള്‍ ഇളക്കിമാറ്റിയത് ആരും അറിയാതെയായിരുന്നു. 1998-ല്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞപ്പോള്‍ മരാമത്ത് എഞ്ചിനീയര്‍ക്കായിരുന്നു മുഴുവന്‍ ചുമതലയുമെങ്കില്‍, ഇത്തവണ എഞ്ചിനീയര്‍മാരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം രേഖകളില്‍ ഒപ്പിടീക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ തൊടാന്‍ പാടില്ലെന്നിരിക്കെയാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇതു നടന്നത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടാണ് ഈ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു എഫ്‌ഐആര്‍ കൂടി ഉടന്‍ രജിസ്റ്റര്‍ ചെയ്യും. പി.എസ്. പ്രശാന്തിനൊപ്പം രണ്ട് ബോര്‍ഡ് അംഗങ്ങള്‍ കൂടി പ്രതിപ്പട്ടികയില്‍ വരുമെന്ന് ഉറപ്പായിട്ടുണ്ട്.
ശ്രീകോവിലിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ എത്രത്തോളം കുറവുണ്ടെന്ന് കണ്ടെത്താന്‍ എസ്‌ഐടി പരിശോധന തുടരും. പഴയ വാതില്‍ പാളികളിലെ സ്വര്‍ണ്ണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കും. വിഎസ്എസ്സിയിലെ (ഢടടഇ) ശാസ്ത്രജ്ഞരുടെ സാങ്കേതിക സഹായം തേടാന്‍ കോടതിയുടെ അനുമതി വാങ്ങിക്കഴിഞ്ഞു. ശാസ്ത്രീയമായ പരിശോധനയിലൂടെ കവര്‍ച്ചയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാനാണ് നീക്കം.
മരാമത്ത് വിഭാഗത്തെയും കോടതിയെയും നോക്കുകുത്തിയാക്കി നടന്ന ഈ ‘സ്വര്‍ണ്ണക്കൊള്ള’യില്‍ സിപിഎം നോമിനിയായ പ്രശാന്ത് കുടുങ്ങുന്നത് സര്‍ക്കാരിനും വലിയ തലവേദനയാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.